
തിരുവനന്തപുരം: സംസ്ഥാനത്ത് ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിരോധിത ഹോണുകൾക്കെതിരെ കർശന നടപടികളുമായി ഗതാഗത വകുപ്പ് രംഗത്ത്. എയർ ഹോണുകൾ ഉൾപ്പെടെയുള്ള നിരോധിത ശബ്ദസംവിധാനങ്ങൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി എയർ ഹോൺ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ വ്യാപകമായ പരിശോധനകൾ നടത്തും. ഇത്തരം ഹോണുകൾ വിൽക്കുന്ന കടകളുടെ ജിഎസ്ടി രജിസ്‌ട്രേഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്‌ട്രേഷനും റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് അധികൃതർ കടക്കും.
കടകൾക്ക് പുറമെ, അനധികൃത ഹോണുകൾ വാഹനങ്ങളിൽ ഘടിപ്പിച്ചു നൽകുന്ന വർക്ക്‌ഷോപ്പുകൾക്കെതിരെയും നിയമനടപടിയുണ്ടാകും. എയർ ഹോൺ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കും. വാഹനങ്ങളിൽ നിന്നും ഇത്തരം ഹോണുകൾ നീക്കം ചെയ്തതിന് ശേഷം മാത്രമേ ഉടമയ്ക്ക് വിട്ടുനൽകുകയുള്ളൂ. പരിശോധന വേളയിൽ ശബ്ദപരിധി കൃത്യമായി അളക്കാൻ ഡെസിബെൽ മീറ്ററുകൾ ഉപയോഗിക്കും. നിയമലംഘനം ആവർത്തിക്കുന്ന വാഹനങ്ങളുടെ പെർമിറ്റും ഫിറ്റ്‌നസും റദ്ദാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. മോട്ടോർ വാഹന വകുപ്പ്, ജിഎസ്ടി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർ സംയുക്തമായാണ് സംസ്ഥാനവ്യാപകമായി ഈ പരിശോധനകൾ നടത്തുന്നത്.
The post എയർ ഹോണുകൾക്ക് പൂട്ടുവീഴും; വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കും! കർശന നടപടികളുമായി ഗതാഗത വകുപ്പ് appeared first on Express Kerala.


