
ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും യുവതാരം അഭിഷേക് ശർമ്മയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കോട്ടക് രംഗത്തെത്തി. താരം പൂജ്യത്തിന് പുറത്തായതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ പ്രതിഭയിൽ ടീമിന് പൂർണ്ണ വിശ്വാസമുണ്ടെന്നും കോട്ടക് വ്യക്തമാക്കി.
അഭിഷേകിനെ പൂട്ടാൻ പ്രത്യേക പദ്ധതികളുണ്ടെന്ന പാക് പരിശീലകൻ മൈക്ക് ഹെസ്സന്റെ പ്രസ്താവനയെ കോട്ടക് സ്വാഗതം ചെയ്തു. എതിരാളികൾ ഇത്തരത്തിൽ പദ്ധതികൾ മെനയുന്നുണ്ടെങ്കിൽ അത് അഭിഷേക് എന്ന ബാറ്ററുടെ മികവിനുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരായ ഔട്ട് പ്ലാൻ ചെയ്ത് പുറത്താക്കിയതല്ലെന്നും ഒരു ‘മിസ്‌റ്റൈംഡ്’ ഷോട്ട് മാത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പടയൊരുക്കി ടീം ഇന്ത്യ! അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയുമായി ആദ്യ പോര്; സൂപ്പർ 8 മത്സരക്രമം പുറത്ത്
ലോകകപ്പിന് തൊട്ടുമുമ്പ് ഉദരരോഗം ബാധിച്ച് ആശുപത്രിയിലായിരുന്നത് താരത്തിന്റെ താളം തെറ്റിച്ചിരുന്നു. എന്നാൽ ഇപ്പോൾ അഭിഷേക് പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും ടീം മാനേജ്‌മെന്റ് താരത്തിന് തനതായ ശൈലിയിൽ കളിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും കോട്ടക് അറിയിച്ചു. സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുന്നോടിയായി നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്.
The post അഭിഷേകിനെ പൂട്ടാൻ പ്ലാനുണ്ടെങ്കിൽ അത് അവന്റെ മികവിനുള്ള അംഗീകാരം; പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ appeared first on Express Kerala.


