
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും അതീവ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി നടത്തിയ പ്രസ്താവന അന്താരാഷ്ട്ര രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാൻ അമേരിക്ക ഒരിക്കലും വിജയിക്കില്ലെന്ന് തുറന്നുപറഞ്ഞ ഖമേനി, ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം എന്ന അമേരിക്കയുടെ അഭിമാനം പോലും കനത്ത പ്രഹരങ്ങൾ നേരിടേണ്ടി വരുമെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ഇറാനും അമേരിക്കയും തമ്മിൽ ഉയർന്നുവരുന്ന സംഘർഷങ്ങൾക്കിടയിലും, ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നടക്കുന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഖമേനിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത് എന്നതും സംഭവത്തിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകുന്നു.
കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ നിന്നുള്ള ജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഖമേനി ഈ വാക്കുകൾ ഉച്ചരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയ ഖമേനി, “47 വർഷമായി അമേരിക്കക്ക് ഇസ്ലാമിക് റിപ്പബ്ലിക്കിനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് തന്നെ പറഞ്ഞിരിക്കുന്നെന്നും. സ്വന്തം ജനങ്ങളോട് അദ്ദേഹം അതിനെക്കുറിച്ച് പരാതിപ്പെട്ടെന്നും എന്നാൽ 47 വർഷമായി അമേരിക്കയ്ക്ക് ഇറാനെ തകർക്കാൻ കഴിഞ്ഞിട്ടില്ല. അത് ഒരു നല്ല സമ്മതമാണ്,” എന്നാണ് പറഞ്ഞത്. തുടർന്ന് അദ്ദേഹം ശക്തമായ വാക്കുകളിൽ കൂട്ടിച്ചേർത്തത് ഇങ്ങനെ: “ഞാൻ പറയുന്നു – നിങ്ങൾക്ക് ഇനി ഒരിക്കലും അത് ചെയ്യാൻ കഴിയില്ല.”
ഇറാനെ സംബന്ധിച്ചിടത്തോളം, 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അമേരിക്ക നടത്തിയ ഉപരോധങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും രഹസ്യ ഇടപെടലുകളും വർഷങ്ങളായി തുടർന്നുവരുന്നതാണ്. ആ പശ്ചാത്തലത്തിലാണ് ഖമേനി ‘47 വർഷം’ എന്ന വാചകം ഉപയോഗിച്ച് അമേരിക്കയുടെ പരാജയം തുറന്നുകാട്ടുന്നത്. ഇറാന്റെ ഭരണകൂടം തകർക്കുകയെന്ന ലക്ഷ്യം അമേരിക്ക പലതവണ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും, അതിന് സാധിക്കാത്തതിനെ ഖമേനി ഒരു രാഷ്ട്രീയ വിജയമായി ചിത്രീകരിക്കുകയാണ്. അതിലൂടെ അദ്ദേഹം രാജ്യത്തിനകത്ത് ആത്മവിശ്വാസം വർധിപ്പിക്കുകയും വിദേശ ശക്തികൾക്ക് ഒരു മുന്നറിയിപ്പ് നൽകുകയും ചെയ്യുകയാണ് എന്ന വിലയിരുത്തലാണ് ഉയരുന്നത്.
ഖമേനിയുടെ പ്രസ്താവനകളെ കൂടുതൽ ശക്തമാക്കിയ മറ്റൊരു ഭാഗം അമേരിക്കയുടെ സൈനിക ശക്തിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ്. അമേരിക്കൻ പ്രസിഡന്റ് പലതവണ “ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം” എന്ന് അമേരിക്കൻ സൈന്യത്തെ വിശേഷിപ്പിക്കുന്നതിനെ പരിഹസിച്ച ഖമേനി, “ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിനും ചിലപ്പോൾ എഴുന്നേൽക്കാൻ കഴിയാത്ത വിധം ഒരു അടി കിട്ടിയേക്കാം,” എന്ന് പറഞ്ഞു. ഈ വാക്കുകൾ വെറും വാചകങ്ങങ്ങളല്ല, മറിച്ച് ഒരു ശക്തമായ ഭീഷണി സൂചനയാണെന്ന രീതിയിലാണ് പല അന്താരാഷ്ട്ര നിരീക്ഷകരും വിലയിരുത്തുന്നത്.
ഇതോടൊപ്പം അമേരിക്കൻ സൈനിക വിന്യാസത്തെക്കുറിച്ച് ഖമേനി പരാമർശിച്ചതും ശ്രദ്ധേയമാണ്. “ഇറാനിലേക്ക് ഞങ്ങൾ ഒരു വിമാനവാഹിനിക്കപ്പൽ അയച്ചിട്ടുണ്ടെന്ന് അവർ പറയുന്നുണ്ടല്ലോ. ശരി, ഒരു വിമാനവാഹിനിക്കപ്പൽ അപകടകരമായ ഉപകരണമാണ്. പക്ഷേ കപ്പലിനേക്കാൾ അപകടകരമാണ് അതിനെ കടലിന്റെ അടിത്തട്ടിലേക്ക് അയയ്ക്കാൻ കഴിയുന്ന ആയുധം,” എന്ന ഖമേനിയുടെ വാക്കുകൾ ലോക മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഇത് നേരിട്ട് അമേരിക്കൻ നാവിക ശക്തിയോട് നൽകിയ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധവാഹിനികളും വിമാനവാഹിനികളും അമേരിക്കയുടെ ആഗോള ശക്തിപ്രദർശനത്തിന്റെ മുഖ്യ ആയുധങ്ങളായിരിക്കുമ്പോൾ, അതിനെ “കടലിന്റെ അടിത്തട്ടിലേക്ക് അയയ്ക്കാം” എന്ന് പറയുന്നത് അമേരിക്കക്ക് എതിരായ ഇറാന്റെ പ്രതിരോധ ശേഷിയെ ഉയർത്തിക്കാട്ടുന്ന ഒരു ശക്തമായ സന്ദേശം കൂടിയാണ്.
ഖമേനി തന്റെ പ്രസംഗത്തിൽ ആഭ്യന്തര പ്രതിഷേധങ്ങളെയും പരാമർശിച്ചു. ജനുവരിയിൽ ഇറാനിൽ നടന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരെ അദ്ദേഹം രക്തസാക്ഷികളായി അനുശോചിക്കുന്നുവെന്നും പറഞ്ഞു.എന്നാൽ പ്രതിഷേധങ്ങളെ അദ്ദേഹം ഒരു സാധാരണ ആഭ്യന്തര ജനപ്രക്ഷോഭമായി ചിത്രീകരിച്ചില്ല. മറിച്ച്, അത് ശത്രുക്കൾ നയിക്കുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന രീതിയിലാണ് അദ്ദേഹം വിഷയത്തെ അവതരിപ്പിച്ചത്. ഇതിലൂടെ പ്രതിഷേധത്തെ രാഷ്ട്രീയമായി നിയന്ത്രിക്കാനും ജനങ്ങളുടെ ശ്രദ്ധ പുറത്തേക്കുള്ള “വിദേശ ഭീഷണിയിലേക്ക്” തിരിക്കാനും ഇറാൻ ഭരണകൂടം ശ്രമിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരെ ഖമേനി മൂന്ന് വിഭാഗങ്ങളായി വിഭജിച്ചതും ശ്രദ്ധേയമാണ്. സുരക്ഷാ സേന, കാഴ്ചക്കാർ, പാശ്ചാത്യ ശക്തികളുടെ സ്വാധീനത്താൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട പങ്കാളികൾ” എന്നിങ്ങനെയാണ് അദ്ദേഹം മരിച്ചവരെ തരംതിരിച്ചത്. എന്നാൽ “സംഘനേതാക്കളും സായുധ പ്രവർത്തകരും” എന്ന് വിശേഷിപ്പിച്ച ചിലരെ അദ്ദേഹം രക്തസാക്ഷി പട്ടികയിൽ നിന്ന് ഒഴിവാക്കി. വിദേശ ശത്രുക്കളിൽ നിന്ന് പണവും ആയുധങ്ങളും കൈപ്പറ്റിയവരാണെന്ന് ആരോപിച്ച്, അവരെ രാജ്യദ്രോഹികളായി അദ്ദേഹം ചിത്രീകരിച്ചു. അതേസമയം തെറ്റിദ്ധരിപ്പിക്കപ്പെട്ടവരോട് കരുണയും ക്ഷമയും കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത് ഒരു ഭാഗത്ത് ഭരണകൂടത്തിന്റെ കർശന നിലപാട് വ്യക്തമാക്കുമ്പോഴും, മറ്റൊരു ഭാഗത്ത് പൊതുജനങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമമായും കാണപ്പെടുന്നു.
ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യം കൂടുതൽ ചൂടുപിടിക്കുന്ന സമയത്ത്, വിദേശ നയത്തിൽ ഇത്തരം കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത് ഭരണകൂടത്തിന് ഒരു തന്ത്രപരമായ ആയുധം കൂടിയാണ്. അടിച്ചേൽപ്പിക്കപ്പെട്ട സാമ്പത്തിക ഉപരോധങ്ങൾ ജനജീവിതം ദുസ്സഹമാക്കുമ്പോഴും, വിദേശ അധിനിവേശ ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ദേശീയ ഐക്യം കാത്തുസൂക്ഷിക്കാനാണ് ഇറാൻ ഭരണകൂടം ശ്രമിക്കുന്നത്. പരമോന്നത നേതാവ് ഖമേനിയുടെ പ്രസംഗം കേവലം രാഷ്ട്രീയ തന്ത്രമല്ല, മറിച്ച് രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഭീഷണികൾക്കെതിരെ ജനങ്ങളെ അണിനിരത്തുന്ന കരുത്തുറ്റ പ്രതിരോധ ആഹ്വാനമാണ്.
ചുരുക്കത്തിൽ , ഖമേനിയുടെ വാക്കുകൾ വ്യക്തമാക്കുന്നത് ഒരു കാര്യമാണ് – ഇറാൻ ഇപ്പോൾ ഒട്ടും പിന്നോട്ടില്ല. അമേരിക്കയുടെ സൈനിക ശക്തിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ, ഭരണകൂടം തകർപ്പിക്കാനാവില്ലെന്ന ഉറച്ച പ്രഖ്യാപനം, വിമാനവാഹിനിക്കപ്പലുകളെ വരെ ലക്ഷ്യമിടുന്ന ഭീഷണി – ഇതെല്ലാം ചേർന്ന് മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതയെ വീണ്ടും ഉയർത്തുകയാണ്. ജനീവയിൽ നടക്കുന്ന ചർച്ചകൾ സമാധാനത്തിലേക്ക് നയിക്കുമോ, അതോ അമേരിക്കയുടെ വാചകകസ്രത്തുകളും ശക്തിപ്രദർശനങ്ങളും യുദ്ധഭീതിയെ കൂടുതൽ വലുതാക്കുമോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.
ഇറാൻ ഭരണകൂടം ഒരു സന്ദേശം ലോകത്തിന് വളരെ വ്യക്തമായി നൽകിയിരിക്കുകയാണ് “അട്ടിമറിക്കാൻ കഴിയുന്ന രാജ്യമല്ല ഞങ്ങൾ.” എന്നാൽ അതിന് മറുപടിയായി അമേരിക്കയും സഖ്യകക്ഷികളും സ്വീകരിക്കുന്ന നിലപാടുകളാണ് ഇനി മിഡിൽ ഈസ്റ്റിന്റെ ഭാവി നിർണ്ണയിക്കുക. കാരണം, ഒരു തെറ്റായ നീക്കം പോലും ഈ മേഖലയിൽ വലിയ സംഘർഷത്തിനും ആഗോള പ്രത്യാഘാതങ്ങൾക്കും വഴിയൊരുക്കാൻ സാധ്യതയുള്ള സമയമാണിത്.
The post 47 വർഷം ശ്രമിച്ചു…എന്നിട്ടും നടന്നില്ല, ഇനി ഒരിക്കലും സാധിക്കില്ല! അമേരിക്കയുടെ യുദ്ധക്കപ്പലുകൾ ലക്ഷ്യമാക്കി ഖമേനി? ഉറ്റുനോക്കി ലോകം appeared first on Express Kerala.


