
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ഉദയനാണ് താരം’ 4K ദൃശ്യമികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ആദ്യം പ്രഖ്യാപിച്ച തീയതിയിൽ നിന്നും സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിവെച്ചിരുന്നെങ്കിലും, ഇപ്പോൾ പുതിയ തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടു. ഈ മാസം 20-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട് തകർത്താടിയ ഈ ചിത്രം 21 വർഷങ്ങൾക്ക് ശേഷമാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബിഗ് സ്ക്രീനിൽ പുനർജനിക്കുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ് പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ ചിത്രം റോഷൻ ആൻഡ്രൂസിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. ശ്രീനിവാസന്റെ തിരക്കഥയും ദീപക് ദേവ് ഒരുക്കിയ ‘കരളേ കരളിന്റെ കരളേ’ ഉൾപ്പെടെയുള്ള ഗാനങ്ങളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ചിത്രം ഹൈ സ്റ്റുഡിയോസ് ആണ് 4K റീ-മാസ്റ്ററിംഗ് ചെയ്തിരിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതവും ക്യാമറ വർക്കും സിനിമയെ മറ്റൊരു തലത്തിൽ ആസ്വദിക്കാൻ പുതിയ ദൃശ്യമികവ് സഹായിക്കുമെന്ന ആവേശത്തിലാണ് ആരാധകർ.
The post ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി! ‘ഉദയനാണ് താരം’ 4K റീ-റിലീസ് തീയതി പുറത്തുവിട്ടു appeared first on Express Kerala.


