
വന്ദേമാതരം ആരുടെയും മേൽ അടിച്ചേൽപ്പിക്കരുതെന്നും ദേശീയത എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാവണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വന്ദേമാതരവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പുതിയ മാനദണ്ഡങ്ങളോട് പ്രതികരിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസിൽ’ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വിപ്ലവകാരികൾക്ക് വലിയ ആവേശം നൽകിയ ഗാനമാണ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരമെന്ന് അദ്ദേഹം ലേഖനത്തിൽ കുറിക്കുന്നു.
എന്നാൽ പിൽക്കാലത്ത് ഇത് പലവിധ വിവാദങ്ങൾക്ക് കാരണമായ സാഹചര്യത്തിലാണ്, രാജ്യത്തെ എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുകയെന്ന ലക്ഷ്യത്തോടെ ഭരണഘടനാ നിർമ്മാണ സഭ ‘ജനഗണമന’യെ ദേശീയ ഗാനമായും വന്ദേമാതരത്തെ ദേശീയ ഗീതമായും അംഗീകരിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
Also Read: നവകേരള സർവേ! ഹൈക്കോടതി സ്റ്റേക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തതോ ഏറ്റുപാടാത്തതോ ആയ നടപടി ദേശസ്നേഹമില്ലാത്തതുകൊണ്ടാണെന്ന് കരുതാനാവില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം തരൂർ ചൂണ്ടിക്കാട്ടുന്നു. ഇതേ മാതൃക തന്നെ വന്ദേമാതരത്തിന്റെ കാര്യത്തിലും പിന്തുടരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇന്ത്യയെപ്പോലൊരു രാജ്യത്ത് എല്ലാവരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് ഇഴുകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. വന്ദേമാതരം പാടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. എന്നാൽ മതപരമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ ഈ ഗാനം പാടാൻ വിമുഖത കാണിക്കുന്നവർക്കും അതിനുള്ള സ്വാതന്ത്ര്യം വേണമെന്നും, നിശബ്ദമായി ആദരവ് പ്രകടിപ്പിക്കാനുള്ള അവരുടെ അവകാശം ഉറപ്പാക്കണമെന്നും ശശി തരൂർ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.
The post വന്ദേമാതരം അടിച്ചേൽപ്പിക്കരുത്! ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം; ശശി തരൂർ appeared first on Express Kerala.


