
വിമാനയാത്രയ്ക്കിടെ അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ രംഗത്ത്. വിമാനത്തിനകത്തെ സുരക്ഷയും യാത്രക്കാരുടെ സ്വസ്ഥതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് രണ്ട് വർഷം വരെയോ അതിൽ കൂടുതലോ കാലത്തേക്ക് യാത്രാ വിലക്ക് ലഭിക്കാം. നിലവിലുള്ള ‘സീറോ ടോളറൻസ് പോളിസി’ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
യാത്രക്കാരുടെ മോശം പെരുമാറ്റത്തെ പ്രധാനമായും നാല് വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയോ മദ്യപിച്ച് ബഹളമുണ്ടാക്കുകയോ ചെയ്താൽ മൂന്ന് മാസം വരെയും, ശാരീരികമായോ ലൈംഗികമായോ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ആറ് മാസം വരെയുമാണ് വിലക്ക്. എന്നാൽ വിമാനത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയോ, കോക്പിറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയോ ചെയ്യുന്നത് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് രണ്ട് വർഷം മുതൽ ആജീവനാന്തം വരെ വിമാനയാത്രയ്ക്ക് വിലക്ക് ലഭിക്കാൻ പുതിയ നിയമം ശുപാർശ ചെയ്യുന്നു.
Also Read: ബലാത്സംഗവും ബലാത്സംഗ ശ്രമവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി ഛത്തീസ്ഗഢ് ഹൈക്കോടതി; ശിക്ഷയിൽ ഇളവ്
കൂടാതെ, വിമാനത്തിനുള്ളിലെ പുകവലി, എമർജൻസി എക്സിറ്റുകൾ അനാവശ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയ സന്ദർഭങ്ങളിൽ അന്വേഷണ സമിതിയുടെ അനുമതിക്കായി കാത്തുനിൽക്കാതെ തന്നെ 30 ദിവസം വരെ വിലക്ക് ഏർപ്പെടുത്താൻ വിമാനക്കമ്പനികൾക്ക് നേരിട്ട് അധികാരം നൽകിയിട്ടുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വ്യക്തികൾക്കും ഈ വിലക്ക് ബാധകമായിരിക്കും. പുതിയ നിർദ്ദേശങ്ങളിൽ പൊതുജനങ്ങളുടെയും വിവിധ ഏജൻസികളുടെയും അഭിപ്രായം അറിയിക്കാൻ മാർച്ച് 16 വരെ സമയം അനുവദിച്ചിട്ടുണ്ട്.
The post വിമാനയാത്രയിൽ മോശം പെരുമാറ്റം; രണ്ട് വർഷം വരെ വിലക്ക്, കടുത്ത നടപടികളുമായി ഡിജിസിഎ appeared first on Express Kerala.


