
കുട്ടികളിലെ ഉറക്കക്കുറവ് വെറുമൊരു തളർച്ചയല്ല, മറിച്ച് ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ശാരീരിക വളർച്ച, തലച്ചോറിന്റെ വികാസം, പ്രതിരോധശേഷി എന്നിവയ്ക്ക് ആഴത്തിലുള്ള ഉറക്കം അത്യാവശ്യമാണ്.
കുട്ടികളിൽ മികച്ച ഉറക്കശീലം വളർത്താൻ സഹായിക്കുന്ന 8 ലളിതമായ വഴികൾ ഇതാ
1. കൃത്യമായ സമയക്രമം: ദിവസവും ഉറങ്ങാനും ഉണരാനും ഒരേ സമയം തന്നെ പിന്തുടരുക. ഇത് കുട്ടിയുടെ ശരീരത്തിന്റെ ജൈവഘടികാരത്തെ ക്രമപ്പെടുത്താൻ സഹായിക്കും.
2. ഉറക്കത്തിന് ഒരു റൂട്ടീൻ: ഉറങ്ങുന്നതിന് മുൻപായി കുളി, വായന, അല്ലെങ്കിൽ പ്രാർത്ഥന തുടങ്ങിയ സമാധാനപരമായ കാര്യങ്ങൾ ശീലമാക്കുക. ഇത് ഉറങ്ങാറായെന്ന് തലച്ചോറിന് സൂചന നൽകും.
Also Read: പുരുഷന്മാർ ജാഗ്രതൈ! ഉദ്ധാരണക്കുറവും സ്ഖലനത്തിലെ വേദനയും; പ്രോസ്റ്റേറ്റ് അർബുദത്തിന്റെ ലക്ഷണങ്ങൾ
3. അനുയോജ്യമായ അന്തരീക്ഷം: കിടപ്പുമുറി ശാന്തവും, ഇരുണ്ടതും, അധികം ചൂടില്ലാത്തതുമാണെന്ന് ഉറപ്പുവരുത്തുക. സുഖകരമായ സാഹചര്യം പെട്ടെന്ന് ഉറക്കം വരാൻ സഹായിക്കും.
4. ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ ഒഴിവാക്കുക: മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, ടിവി എന്നിവയിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തിന് സഹായിക്കുന്ന ‘മെലറ്റോണിൻ’ ഹോർമോണിനെ തടസ്സപ്പെടുത്തും. ഉറങ്ങുന്നതിന് 1-2 മണിക്കൂർ മുൻപ് ഇത്തരം സ്ക്രീനുകൾ പൂർണ്ണമായും ഒഴിവാക്കുക.
5. ഭക്ഷണക്രമത്തിൽ ശ്രദ്ധ: ഉറക്കത്തിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം നൽകരുത്. അതുപോലെ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, കഫീൻ എന്നിവ രാത്രിയിൽ ഒഴിവാക്കുന്നത് കുട്ടികളിലെ അസ്വസ്ഥത കുറയ്ക്കും.
6. ഇളം ചൂടുവെള്ളത്തിലെ കുളി: ഉറങ്ങുന്നതിന് മുൻപ് ഇളം ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നത് പേശികൾക്ക് അയവ് നൽകാനും മാനസികമായി ശാന്തത ലഭിക്കാനും സഹായിക്കും.
Also Read: ലോകത്തിന് പ്രിയപ്പെട്ടവനായി ഹിമാചൽ; ആഗോള അതിഥി സൗഹൃദ പട്ടികയിൽ അഞ്ചാം സ്ഥാനം
7. വായനയും കഥ പറച്ചിലും: കുട്ടികളിൽ വായനാശീലം വളർത്തുന്നതിനൊപ്പം അവരെ പെട്ടെന്ന് ഉറക്കത്തിലേക്ക് നയിക്കാൻ കഥകൾ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്.
8. ശാന്തമായ സംഗീതം: മിതമായ ശബ്ദത്തിൽ മെലഡികളോ ശാന്തമായ സംഗീതമോ കേൾപ്പിക്കുന്നത് കുട്ടികൾക്ക് ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ സഹായിക്കും.
ആഴത്തിലുള്ള ഉറക്കത്തിലാണ് കുട്ടികളുടെ വളർച്ചാ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കുട്ടിയുടെ പഠനവും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ പോഷകാഹാരം പോലെ തന്നെ പ്രധാനമാണ് നല്ല ഉറക്കവും.
The post കുട്ടികൾക്ക് സുഖനിദ്ര ഉറപ്പാക്കാം! രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ appeared first on Express Kerala.


