ഒരേ കമ്പനിയിൽ വർഷങ്ങളോളം വിശ്വസ്തതയോടെ തുടരുന്നത് കരിയറിൽ ഗുണകരമാകുമെന്ന പരമ്പരാഗത ചിന്താഗതികൾക്ക് ഇന്ന് കോർപ്പറേറ്റ് ലോകത്ത് വലിയ മാറ്റം സംഭവിക്കുകയാണ്. ജോലിയിലെ പരിചയവും സ്ഥാപനവുമായുള്ള ആത്മബന്ധവും വിലമതിക്കപ്പെടുമെന്ന് കരുതുമ്പോഴും, ശമ്പളത്തിന്റെ കാര്യത്തിൽ പുതിയതായി വരുന്ന ഉദ്യോഗസ്ഥർക്ക് നിലവിലുള്ളവരേക്കാൾ ഉയർന്ന പാക്കേജ് ലഭിക്കുന്ന പ്രവണതയാണ് ഇന്ത്യയിലെ തൊഴിൽ വിപണിയിൽ കണ്ടുവരുന്നത്.
കണക്കുകൾ പരിശോധിച്ചാൽ, ഒരേ സ്ഥാപനത്തിൽ തുടരുന്നവർക്ക് ലഭിക്കുന്ന വാർഷിക ശമ്പള വർദ്ധനവ് ശരാശരി 8-10 ശതമാനത്തിൽ ഒതുങ്ങുമ്പോൾ, ജോലി മാറി പുതിയ കമ്പനികളിലേക്ക് ചേക്കേറുന്നവർക്ക് 20 മുതൽ 40 ശതമാനം വരെ വർദ്ധനവ് ലഭിക്കുന്നുണ്ട്. വിപണിയിലെ ഡിമാൻഡിനനുസരിച്ചുള്ള നിരക്ക് നൽകാൻ കമ്പനികൾ നിർബന്ധിതരാകുന്നത് പുതിയ നിയമനങ്ങളിലാണ് എന്നതാണ് ഇതിന്റെ പ്രധാന കാരണം.
Also Read: ഓഹരി വിപണിയിൽ കുതിപ്പോടെ തുടക്കം; നിഫ്റ്റിയും സെൻസെക്സും നേട്ടത്തിൽ
ടെക്നോളജി, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ എഐ, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ പുതിയ നൈപുണ്യങ്ങൾ ഉള്ളവർക്ക് വൻ ഡിമാൻഡാണ്. പുറത്തുനിന്ന് വരുന്ന ഉദ്യോഗസ്ഥർക്ക് ഒന്നിലധികം ഓഫറുകൾ ഉള്ളതിനാൽ ശമ്പളം വിലപേശി ഉറപ്പിക്കാൻ സാധിക്കുന്നു. എന്നാൽ, കമ്പനിയുടെ വാർഷിക ബജറ്റിൽ ഒതുങ്ങി നിൽക്കുന്നതിനാൽ പഴയ ജീവനക്കാർക്ക് ഇത്തരമൊരു വിലപേശൽ സാധ്യമാകാറില്ല.
ജോബ്ബസ്, ഫൗണ്ട്ഇറ്റ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിയ സർവേകൾ പ്രകാരം 47 ശതമാനത്തോളം പ്രൊഫഷണലുകളും തങ്ങളുടെ ശമ്പള വളർച്ചയിൽ അതൃപ്തരാണ്. പണ്ട് ജോലിയിലെ സ്ഥിരതയായിരുന്നു പ്രധാനമെങ്കിൽ, ഇന്നത്തെ തലമുറ ജോലി മാറ്റത്തെ ഒരു സാമ്പത്തിക തന്ത്രമായാണ് കാണുന്നത്. വിശ്വസ്തതയേക്കാൾ സ്വന്തം സാമ്പത്തിക വളർച്ചയ്ക്ക് മുൻഗണന നൽകുന്ന രീതിയിലേക്ക് പ്രൊഫഷണലുകളുടെ ചിന്താഗതി മാറിയിരിക്കുന്നു എന്ന് ചുരുക്കം.
The post ഒരേ കസേരയിൽ ഇരുന്നാൽ ശമ്പളം കൂടുമോ? ജോലി മാറുന്നവർക്ക് ലഭിക്കുന്നത് 40 ശതമാനം വരെ വർദ്ധന appeared first on Express Kerala.


