loader image
കരിമ്പുഴ ഉൾവനത്തിൽ അഴുകിയ മൃതദേഹം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി, പോസ്റ്റ്‌മോർട്ടം ഇന്ന്

കരിമ്പുഴ ഉൾവനത്തിൽ അഴുകിയ മൃതദേഹം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി, പോസ്റ്റ്‌മോർട്ടം ഇന്ന്

മലപ്പുറം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. അമരമ്പലം പഞ്ചായത്തിലെ അച്ഛനള ചോലനായിക്ക ആദിവാസി സങ്കേതത്തിന് സമീപമുള്ള പുല്ലട്ടിക്കുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് സങ്കേതത്തിലെ താമസക്കാരനായ മാതൻകുട്ടിയുടേതാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ചൊവ്വാഴ്ച വനത്തിനുള്ളിൽ കടുവ കണക്കെടുപ്പിന്റെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. ഏകദേശം ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയിരുന്നു. വനപാലകർ വിവരമറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ഏഴോടെ പൊലീസ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉൾവനത്തിൽ നിന്ന് മൃതദേഹം പുറത്തെത്തിക്കുക എന്നത് ഉദ്യോഗസ്ഥർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഒരു മണിക്കൂറോളം കാൽനടയായി സഞ്ചരിച്ച് മൃതദേഹം ടി.കെ കോളനി വരെ ചുമന്നെത്തിച്ചു. അവിടെ നിന്നാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്. നിലമ്പൂർ തഹസിൽദാർ വിനോദ് കുമാർ, പൂക്കോട്ടുംപാടം ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

See also  മകൻ കസേരയടക്കം മുറ്റത്തേക്ക് വലിച്ചെറിഞ്ഞു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

The post കരിമ്പുഴ ഉൾവനത്തിൽ അഴുകിയ മൃതദേഹം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി, പോസ്റ്റ്‌മോർട്ടം ഇന്ന് appeared first on Express Kerala.

Spread the love

New Report

Close