
ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്ന് സ്വതന്ത്ര ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. പ്രമുഖ മെഡിക്കൽ ജേണലായ ‘ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ’ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2025 ജനുവരി ആദ്യവാരം വരെ 75,200 പേർ നേരിട്ടുള്ള അക്രമങ്ങളിലൂടെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇത് ഗാസയിലെ ആകെ ജനസംഖ്യയുടെ 3.4 ശതമാനത്തോളം വരും. ആരോഗ്യ മന്ത്രാലയം നൽകുന്ന റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച കാരണം പല മരണങ്ങളും രേഖപ്പെടുത്താൻ കഴിയാത്തതിനാൽ ഔദ്യോഗിക കണക്കുകൾ പരിമിതമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കൊല്ലപ്പെട്ടവരിൽ 56 ശതമാനത്തിലധികം പേരും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണെന്നത് ലോകത്തെ ഞെട്ടിക്കുന്ന വസ്തുതയാണ്. മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതും തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കപ്പെട്ടതും കൃത്യമായ കണക്കെടുപ്പിനെ തടസ്സപ്പെടുത്തുന്നു. നേരിട്ടുള്ള അക്രമങ്ങൾക്ക് പുറമെ, ചികിൽസ കിട്ടാത്തത് മൂലവും ജീവിതസാഹചര്യങ്ങൾ തകർന്നത് മൂലവും പതിനാറായിരത്തോളം പേർ മരണപ്പെട്ടതായും സർവേ കണക്കാക്കുന്നു. ആരോഗ്യ സംവിധാനങ്ങൾ ബോധപൂർവ്വം തകർക്കപ്പെട്ടത് മരണനിരക്ക് വിശകലനം ചെയ്യുന്നത് കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
പരിക്കേറ്റവരുടെ അവസ്ഥയും അത്യന്തം ഭയാനകമാണ്. 2025 ഏപ്രിൽ മാസത്തോടെ ഗാസയിൽ പരിക്കേറ്റവരുടെ എണ്ണം 1,16,000 കവിയുമെന്നാണ് പ്രവചനം. ഇതിൽ 46,000 പേർക്കെങ്കിലും സങ്കീർണ്ണമായ പുനർനിർമ്മാണ ശസ്ത്രക്രിയകൾ ആവശ്യമാണ്. സ്ഫോടനങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകളാണ് ഇതിൽ ഭൂരിഭാഗവും. എന്നാൽ, ഗാസയിലെ ശസ്ത്രക്രിയാ സംവിധാനങ്ങൾ യുദ്ധത്തിന് മുൻപുള്ള നിലവാരത്തിലേക്ക് തിരിച്ചെത്തിയാൽ പോലും, ഇപ്പോൾ പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസ നൽകിത്തീർക്കാൻ ഒരു ദശാബ്ദമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ‘വ്യവസ്ഥാപിത നാശം’ ചികിത്സ പ്രതിസന്ധി രൂക്ഷമാക്കുന്നു. യുദ്ധത്തിന് മുൻപ് 36 ആശുപത്രികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 12 എണ്ണം മാത്രമാണ് പരിമിതമായ രീതിയിലെങ്കിലും പ്രവർത്തിക്കുന്നത്. 2.2 ദശലക്ഷം ജനങ്ങൾക്കായി വെറും എട്ട് വിദഗ്ധ ശസ്ത്രക്രിയാ വിദഗ്ധർ മാത്രമാണ് ഗാസയിൽ അവശേഷിക്കുന്നത്. മൈക്രോസർജറി പോലുള്ള അത്യാധുനിക ചികിത്സകൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതായ അവസ്ഥയിലാണ്. കൃത്യമായ സമയത്ത് ശസ്ത്രക്രിയകൾ ലഭിക്കാത്തത് പതിനായിരക്കണക്കിന് ആളുകളെ സ്ഥിരമായ വൈകല്യങ്ങളിലേക്ക് തള്ളിവിടുകയാണ്.
Also Read:ആണവ കരാറിന് വഴങ്ങിയില്ലെങ്കിൽ ആക്രമണം; ഇറാനെതിരെ യുദ്ധകാഹളം മുഴക്കി ഡോണാൾഡ് ട്രംപ്
പട്ടിണിയും പകർച്ചവ്യാധികളും ഗാസയിലെ അതിജീവനത്തെ കൂടുതൽ ദുസ്സഹമാക്കുന്നു. 2025 ഓഗസ്റ്റിൽ വടക്കൻ ഗാസയിൽ ക്ഷാമം പ്രഖ്യാപിച്ചതോടെ പരിക്കേറ്റവരുടെ ആരോഗ്യനില കൂടുതൽ വഷളായി. അണുബാധയും അവയവങ്ങളുടെ തകരാറും കാരണം മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നേരിട്ടുള്ള ആക്രമണത്തിൽ മരിക്കുന്നവരും പരിക്കേറ്റു ചികിൽസയില്ലാതെ മരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുന്ന ഒരു ദുരന്തഭൂമിയായി ഗാസ മാറിയിരിക്കുകയാണെന്ന് പഠനം നിരീക്ഷിക്കുന്നു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ നിലനിൽക്കെത്തന്നെ ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. ചികിത്സ സൗകര്യങ്ങളുടെയും പുനരധിവാസത്തിന്റെയും കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഗാസയിലെ ജനത തലമുറകളോളം നീളുന്ന വൈകല്യങ്ങളും ദുരിതങ്ങളും പേറേണ്ടി വരും. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുക മാത്രമാണ് ഈ മാനുഷിക ദുരന്തത്തിന് അറുതി വരുത്താനുള്ള ഏക മാർഗമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
The post ഗാസയിൽ മരണസംഖ്യ 75,000 കടന്നു; തകർന്നടിഞ്ഞ് ആരോഗ്യമേഖല, ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് appeared first on Express Kerala.


