ടെലികോം വിപണിയിലെ വമ്പന്മാരായ ജിയോയോടും എയർടെലിനോടും മത്സരിക്കാൻ പുതിയ കരുനീക്കങ്ങളുമായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. സെക്കൻഡറി സിം ആയി ബിഎസ്എൻഎൽ ഉപയോഗിക്കുന്നവർക്കും കുറഞ്ഞ ചിലവിൽ നമ്പർ ആക്ടീവായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കുമായി 449 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ കമ്പനി അവതരിപ്പിച്ചു. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന സവിശേഷത. അതായത്, പ്രതിദിനം ഏകദേശം 5 രൂപ മാത്രം ചിലവാക്കിയാൽ മൂന്ന് മാസത്തേക്ക് ഉപഭോക്താക്കൾക്ക് തങ്ങളുടെ കണക്ഷൻ തടസ്സമില്ലാതെ ഉപയോഗിക്കാം.
Also Read: 5 ലക്ഷം കിലോമീറ്റർ നീളുന്ന പാത; ശനിയും ചന്ദ്രനും തമ്മിലുള്ള നിഗൂഢ ബന്ധം പുറത്ത്
ഈ പ്ലാനിലൂടെ രാജ്യത്തുടനീളം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും സൗജന്യ നാഷണൽ റോമിംഗും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ദിവസവും 100 സൗജന്യ എസ്എംഎസുകളും ഈ പാക്കേജിന്റെ ഭാഗമാണ്. വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 5 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിന് പ്രതിദിന പരിധി ഇല്ലാത്തതിനാൽ, 90 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ആവശ്യാനുസരണം ഉപയോഗിക്കാമെന്നത് ചെറിയ തോതിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് വലിയ ആശ്വാസമാണ്.
നെറ്റ്‌വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം പുതിയ 4ജി ടവറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ബിഎസ്എൻഎൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പലയിടങ്ങളിലും 4ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനൊപ്പം തന്നെ, തങ്ങളുടെ 4ജി ടവറുകൾ ‘5ജി റെഡി’ ആണെന്നും കമ്പനി അവകാശപ്പെടുന്നു. പ്രധാന നഗരങ്ങളിൽ 5ജി പരീക്ഷണങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എൻഎൽ ഇപ്പോൾ. സേവന നിലവാരം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായവും കമ്പനിക്ക് കരുത്തുപകരുന്നുണ്ട്.
സമാനമായ 90 ദിവസത്തെ വാലിഡിറ്റി പ്ലാൻ റിലയൻസ് ജിയോ നൽകുന്നുണ്ടെങ്കിലും അതിന് 899 രൂപയാണ് ചിലവ് വരുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ ജിയോ നൽകുമ്പോൾ, വെറും 449 രൂപയ്ക്ക് വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ സാധാരണക്കാർക്ക് വലിയ ലാഭമാണ് നൽകുന്നത്. എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളും ദീർഘകാല പ്ലാനുകൾ നൽകുന്നുണ്ടെങ്കിലും കുറഞ്ഞ ചിലവിൽ നമ്പർ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ബിഎസ്എൻഎൽ തന്നെയായിരിക്കും വരും ദിവസങ്ങളിൽ പ്രിയപ്പെട്ട ഓപ്ഷൻ.
The post മാസം 150 രൂപയിൽ താഴെ! 90 ദിവസത്തെ വാലിഡിറ്റിയുമായി ബിഎസ്എൻഎൽ; സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളി appeared first on Express Kerala.


