
സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ എൻഡിഎ സഖ്യകക്ഷിയായ ട്വന്റി-20യിൽ ചേർന്നു. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി ചെയർമാൻ സാബു എം. ജേക്കബാണ് അഖിൽ മാരാറുടെ പാർട്ടി പ്രവേശനവും നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചത്. കിഴക്കമ്പലം വികസന മാതൃകയാണ് തന്നെ ട്വന്റി-20യിലേക്ക് ആകർഷിച്ചതെന്നും ശരിയായ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടിയാണ് ഇതെന്നും അഖിൽ മാരാർ പറഞ്ഞു.
നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന അഖിൽ മാരാർ, സീറ്റ് വിഭജനത്തിലെ തർക്കത്തെത്തുടർന്നാണ് എൻഡിഎ പാളയത്തിലെത്തിയത്. കൊട്ടാരക്കര, നേമം, ചടയമംഗലം തുടങ്ങിയ സീറ്റുകൾ അദ്ദേഹം കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല. കോൺഗ്രസ് തന്നെ ഉൾക്കൊള്ളാൻ തയ്യാറായില്ലെന്നും പലപ്പോഴും ശരിയായ നിലപാടുകൾ എടുത്തപ്പോൾ തന്നെ ‘സംഘി’യായി മുദ്രകുത്തിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന അഖിൽ മാരാർ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്.
Also Read: തലയോട്ടിയുമായി ചാക്കുകൾ; പൂങ്കുളത്ത് മനുഷ്യ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി
ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന ആളെന്ന നിലയിൽ ഏറ്റവും അനുയോജ്യമായ വേദിയാണ് ട്വന്റി-20 എന്ന് മാരാർ വ്യക്തമാക്കി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പായി.
The post അഖിൽ മാരാർ ഇനി ട്വന്റി-20യിൽ; നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകും appeared first on Express Kerala.


