
ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നിർണ്ണായകമായ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. 2030-ഓടെ പ്രതിവർഷം 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ നടപടികളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നത്. നിലവിൽ പതിനായിരത്തോളം വിദ്യാർത്ഥികളാണ് ഓരോ വർഷവും ഉപരിപഠനത്തിനായി ഫ്രാൻസിനെ തിരഞ്ഞെടുക്കുന്നത്. ഈ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പഠനകാലയളവ് മുഴുവൻ ഉൾക്കൊള്ളുന്ന ദീർഘകാല വിസകൾ ഇനി മുതൽ അനുവദിക്കും. പ്രത്യേകിച്ചും പിഎച്ച്.ഡി വിദ്യാർത്ഥികൾക്ക് അവരുടെ ഗവേഷണ കാലയളവായ മൂന്ന് വർഷവും ഒരേ വിസയിൽ തുടരാമെന്നത് വലിയ ആശ്വാസമാകും.
യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന ‘വിസ-ഫ്രീ ട്രാൻസിറ്റ്’ സൗകര്യമാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സാധാരണയായി ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർ ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, എയർപോർട്ടിന് പുറത്തിറങ്ങിയില്ലെങ്കിൽ പോലും ‘എയർപോർട്ട് ട്രാൻസിറ്റ് വിസ’ (ATV) നിർബന്ധമായിരുന്നു. എന്നാൽ പുതിയ ഇളവ് പ്രകാരം ഇനി മുതൽ ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസയില്ലാതെ തന്നെ ഫ്രാൻസ് വഴി യാത്ര ചെയ്യാം. ഇത് യാത്രക്കാരുടെ സമയവും അധിക ചിലവും ലാഭിക്കാൻ സഹായിക്കും. നിലവിൽ ആറ് മാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
Also Read: ശ്രീശങ്കരാചാര്യ സർവകലാശാല പരീക്ഷാ വിജ്ഞാപനം; അവസാന തീയതി മാർച്ച് 2
വിദ്യാർത്ഥി സൗഹൃദമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് ഡൽഹി എയിംസിൽ നടന്ന ചടങ്ങിൽ മക്രോൺ വ്യക്തമാക്കി. ദീർഘകാല കോഴ്സുകൾക്ക് ചേരുന്നവർ ഓരോ വർഷവും വിസ പുതുക്കേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിലൂടെ കൂടുതൽ ഇന്ത്യൻ പ്രതിഭകളെ ഫ്രാൻസിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
The post ഇനി ഫ്രാൻസിലേക്ക് വിസയില്ലാതെയും പറക്കാം! ഇമ്മാനുവൽ മക്രോണിന്റെ പുതിയ പ്രഖ്യാപനങ്ങൾ appeared first on Express Kerala.


