
റമദാൻ മാസത്തിൽ നോമ്പ് തുറക്കാൻ വീട്ടിലെത്താനുള്ള തിരക്കിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ ഷാർജ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. നോമ്പ് തുറക്കുന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള അമിതവേഗത വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് ഓർമ്മിപ്പിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പകൽ മുഴുവൻ നീളുന്ന വ്രതം മൂലമുള്ള ശാരീരിക തളർച്ചയും നിർജ്ജലീകരണവും ഡ്രൈവർമാരുടെ ഏകാഗ്രതയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. യാത്രയ്ക്കിടയിലാണ് ബാങ്ക് വിളിക്കുന്നതെങ്കിൽ പരിഭ്രമിച്ച് വേഗത കൂട്ടുന്നതിന് പകരം, റോഡരികിൽ വാഹനം സുരക്ഷിതമായി നിർത്തി വെള്ളമോ ഈന്തപ്പഴമോ കഴിച്ച് നോമ്പ് തുറന്ന ശേഷം ശാന്തമായി യാത്ര തുടരുന്നതാണ് ഉചിതം. ഏതാനും മിനിറ്റുകൾ വൈകിയാലും സുരക്ഷിതമായി വീട്ടിലെത്തുക എന്നതിനായിരിക്കണം മുൻഗണന നൽകേണ്ടതെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Also Read: പുണ്യമാസത്തിന് തുടക്കം; ഭക്തിസാന്ദ്രമായി മസ്ജിദുൽ ഹറാമിലെ ആദ്യ തറാവീഹ്
നിയമലംഘനങ്ങൾ കണ്ടെത്താനായി വിവിധ റോഡുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും ശിക്ഷാ നടപടികളും നേരിടേണ്ടി വരും. ഇരുചക്ര വാഹനയാത്രക്കാരുടെ നിയമലംഘനങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് 500 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ചുമത്തും. സുരക്ഷിതമായ റമദാൻ ആഘോഷങ്ങൾക്കായി എല്ലാവരും സഹകരിക്കണമെന്ന് ഷാർജ പൊലീസ് അഭ്യർത്ഥിച്ചു.
The post റമദാനിൽ വീട്ടിലെത്താൻ ധൃതി വേണ്ട! കടുപ്പിച്ച് ഷാർജ പൊലീസ്, നിയമലംഘകർക്ക് കനത്ത പിഴ appeared first on Express Kerala.


