‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

സംസ്ഥാന സർക്കാരുകൾ നൽകിവരുന്ന അമിതമായ സൗജന്യങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീംകോടതി. സാമ്പത്തിക പശ്ചാത്തലം നോക്കാതെ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകുന്നതിനെതിരെ തമിഴ്‌നാട് വൈദ്യുതി വിതരണ വകുപ്പ് നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിശിതമായ നിരീക്ഷണങ്ങൾ നടത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത്തരം സൗജന്യങ്ങൾ വലിയ തടസ്സമാകുന്നുവെന്നും, ജനങ്ങൾക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകുന്നതിന് പകരം അവർക്ക് സ്ഥിരമായ തൊഴിൽ നൽകാൻ സർക്കാർ ശ്രമിക്കണമെന്നും കോടതി നിർദ്ദേശിച്ചു. “ഇത്തരത്തിൽ സൗജന്യങ്ങൾ നൽകിയാൽ പിന്നെ ആരാണ് പണിക്ക് പോവുക?” എന്ന് ചോദിച്ച കോടതി, ഇത് നമ്മുടെ തൊഴിൽ സംസ്കാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു.

ഭൂരിഭാഗം സംസ്ഥാനങ്ങളും വലിയ കടബാധ്യത നേരിടുമ്പോഴും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഇത്തരം പ്രീണന നയങ്ങൾ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾക്കായി പണം ചിലവഴിക്കുന്നതിന് പകരം ശമ്പളവും സൗജന്യങ്ങളും നൽകാനാണ് പല സംസ്ഥാനങ്ങളും മത്സരിക്കുന്നത്. പണം നൽകാൻ ശേഷിയുള്ളവരെപ്പോലും സൗജന്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുന്നത് എന്ത് തരം സംസ്കാരമാണ് വളർത്തുന്നതെന്നും കോടതി ചോദിച്ചു. അർഹരായവർക്ക് മാത്രം സഹായമെത്തിക്കുന്നതിന് പകരം നടത്തുന്ന ഇത്തരം പൊതുവായ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

The post ‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി appeared first on Express Kerala.

Spread the love
Scroll to Top