വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; വണ്ടാനം മെഡിക്കൽ കോളേജിനോട്  റിപ്പോർട്ട് തേടി സർക്കാർ

വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; വണ്ടാനം മെഡിക്കൽ കോളേജിനോട് റിപ്പോർട്ട് തേടി സർക്കാർ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ സർക്കാർ അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തിൽ ഗൗരവകരമായ ഇടപെടൽ നടത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ്, ശസ്ത്രക്രിയാ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് ഇന്ന് തന്നെ സമർപ്പിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി.

2021 മെയ് 5-നാണ് ഉഷാ ജോസഫ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനായി വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അന്നത്തെ ഗൈനക്കോളജി എച്ച്.ഒ.ഡി ഡോ. ലളിതാംബികയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആശുപത്രി വിട്ടത് മുതൽ കഠിനമായ വയറുവേദന അനുഭവിച്ചിരുന്ന ഉഷ പലതവണ ചികിത്സ തേടിയെങ്കിലും മൂത്രത്തിൽ കല്ലാണെന്ന് പറഞ്ഞ് അധികൃതർ മടക്കി അയക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് മൂത്രത്തിലൂടെ രക്തം വന്നതിനെത്തുടർന്ന് സ്വകാര്യ ലാബിൽ നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ കത്രികയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

Also Read: ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച പറ്റി; വണ്ടാനം മെഡിക്കൽ കോളേജ് വിവാദത്തിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ

വിഷയത്തിൽ കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെ, ഉഷാ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഉപകരണം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഉടൻ നടക്കും. അതേസമയം, ഉച്ചയ്ക്ക് 12 മണിയോടെ സമഗ്രമായ റിപ്പോർട്ട് കൈമാറാനാണ് ആരോഗ്യവകുപ്പ് മെഡിക്കൽ കോളേജിന് നൽകിയിരിക്കുന്ന കർശന നിർദേശം.

The post വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; വണ്ടാനം മെഡിക്കൽ കോളേജിനോട് റിപ്പോർട്ട് തേടി സർക്കാർ appeared first on Express Kerala.

Spread the love
Scroll to Top