ജി വി രാജ അവാർഡ് പ്രഖ്യാപനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് നേട്ടം
തൃശ്ശൂർ : സംസ്ഥാന സർക്കാരിൻ്റെ ജി വി രാജ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് മികച്ച നേട്ടം.2022 ലെ മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളേജ് ആയി ഇരിങ്ങാലക്കുട ക്രൈസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഏറ്റവും മികച്ച സ്പോർട്സ് ഹോസ്റ്റൽ താരമായി ക്രൈസ്റ്റ് കോളേജിൻ്റെ അത്‌ലറ്റിക് താരം സെബാസ്റ്റ്യൻ വി എസും 2024 ലെ മികച്ച സ്പോർട്സ് ഹോസ്റ്റൽ താരമായി ക്രൈസ്റ്റ് കോളേജിൻ്റെ നെറ്റ് ബോൾ താരം അമൽ ജീവാനും തെരഞ്ഞെടുക്കപ്പെട്ടു.
ഒട്ടേറെ ദേശീയ-അന്തർദേശീയ താരങ്ങളെ വാർത്തെടുത്തിട്ടുള്ള ക്രൈസ്റ്റ് കോളേജ് തുടർച്ചയായി ഒൻപത് വർഷമായി കാലിക്കട്ട് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അഞ്ച് ടീമുകൾ അടക്കം ബാസ്ക്കറ്റ് ബോൾ, നെറ്റ് ബോൾ, ഫുട്ബോൾ, അത്‌ലറ്റിക്സ് , വോളിബോൾ, ഹോക്കി, ഖോ-ഖോ തുടങ്ങി അൻപതോളം ടീമുകൾ ക്രൈസ്റ്റ് കോളേജിൽ ഉണ്ട്.

