
മലയാള സിനിമ ബോക്സ് ഓഫീസിൽ 200-ഉം 300-ഉം കോടികൾ വാരിക്കൂട്ടുന്ന കാലത്ത്, ഈ തുകയിൽ എത്രമാത്രം നിർമ്മാതാവിന് ലഭിക്കുന്നു എന്ന ചർച്ചകൾക്ക് വ്യക്തത വരുത്തി നടനും നിർമ്മാതാവുമായ വിജയ് ബാബു. ആഗോളതലത്തിൽ പറയുന്ന ഗ്രോസ് കളക്ഷൻ കണക്കുകൾ പലപ്പോഴും മാർക്കറ്റിംഗിന് വേണ്ടിയുള്ളതാണെന്നും അതിനെ ‘ഫേക്ക് ഫിഗർ’ എന്ന് വിളിക്കാമെന്നുമാണ് വിജയ് ബാബു പറയുന്നത്. എത്രപേർ സിനിമ കണ്ടു എന്ന് ബോധ്യപ്പെടുത്താൻ ഇത്തരം കണക്കുകൾ ഉപകരിക്കുമെങ്കിലും, അത്രയും തുക നിർമ്മാതാവിന്റെ കൈകളിൽ എത്തുന്നില്ല എന്നതാണ് വാസ്തവമെന്ന് അദ്ദേഹം ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെ ബോക്സ് ഓഫീസ് ഘടനയും അന്താരാഷ്ട്ര വിപണിയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കേരളത്തിൽ നിന്ന് 100 കോടി ഗ്രോസ് ലഭിച്ചാൽ ഏകദേശം 47.5 ശതമാനം പ്രൊഡ്യൂസർ ഷെയർ ആയി കണക്കാക്കാം. ടാക്സും വിതരണക്കാരുടെ കമ്മീഷനും കഴിഞ്ഞാൽ പരമാവധി 40 മുതൽ 45 കോടി രൂപ വരെ മാത്രമേ നിർമ്മാതാവിന് നെറ്റ് ഷെയർ ആയി ലഭിക്കൂ. എന്നാൽ വിദേശ വിപണിയിലേക്ക് വരുമ്പോൾ കാര്യങ്ങൾ മാറുന്നു. വിദേശത്ത് ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ ആഗോള ഗ്രോസ് വേഗത്തിൽ ഉയരുമെങ്കിലും നിർമ്മാതാവിന് ലഭിക്കുന്ന വിഹിതം പലപ്പോഴും 20 ശതമാനത്തോളം മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ വിപണിയിലെ വിതരണവും മാർക്കറ്റിംഗും വലിയ ചിലവേറിയതാണെന്നും എല്ലാ സിനിമകളും ആഗോളതലത്തിൽ ഒരേപോലെ റിലീസ് ചെയ്യപ്പെടാറില്ലെന്നും വിജയ് ബാബു പറയുന്നു. ഡോളറിലും പൗണ്ടിലും ടിക്കറ്റ് എടുക്കുമ്പോൾ ഗ്രോസ് കളക്ഷൻ ഈസിയായി വർദ്ധിക്കുമെങ്കിലും, ആ തുക കേരളത്തിലെ നിർമ്മാതാവിലേക്ക് എത്തുമ്പോൾ വലിയ വ്യത്യാസമുണ്ടാകും. മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണ് വേൾഡ് വൈഡ് ഗ്രോസ് കൊട്ടിഘോഷിക്കപ്പെടുന്നത്. മലയാള സിനിമ മേക്കിംഗിലും കളക്ഷനിലും വലിയ വളർച്ച നേടിയെങ്കിലും ലാഭക്കണക്കുകൾ നോക്കുമ്പോൾ ഗ്രോസ് കളക്ഷനേക്കാൾ വളരെ താഴെയാണ് നിർമ്മാതാവിന്റെ യഥാർത്ഥ ലാഭമെന്ന് അദ്ദേഹം ഈ വാക്കുകളിലൂടെ ഓർമ്മിപ്പിക്കുന്നു.
The post ‘കോടികൾ വാരുമ്പോൾ നിർമ്മാതാവിന് കിട്ടുന്നത് എത്ര?’; ആഗോള ഗ്രോസ് കണക്കുകളിലെ കൗതുകം വെളിപ്പെടുത്തി വിജയ് ബാബു appeared first on Express Kerala.


