
കേരളത്തിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ അളവ് വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ കണക്കുകൾ പ്രകാരം മൂന്നാർ അടക്കം നാലിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
മൂന്നാറിന് പുറമെ കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും യുവി ഇൻഡക്സ് ഉയർന്ന നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകുകയും അതീവ ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു. യുവി ഇൻഡക്സ് 8 മുതൽ 10 വരെ എത്തുമ്പോഴാണ് ഓറഞ്ച് അലേർട്ട് നൽകുന്നത്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധം
തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് പുറമെ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്താണ് യുവി ഇൻഡക്സ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തുന്നത് എന്നതിനാൽ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഇത്തരം രശ്മികളുടെ സാന്നിധ്യം ഉയർന്നേക്കാം. കൂടാതെ ജലാശയങ്ങളും മണൽ നിറഞ്ഞ പ്രദേശങ്ങളും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ അത്തരം മേഖലകളിലും സൂചിക ഉയർന്നേക്കാമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ ഈ സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. ചർമ്മരോഗമുള്ളവർ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പകൽസമയത്ത് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തിറങ്ങേണ്ടി വരുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും. യാത്രകൾക്കിടയിൽ ഇടവേളകൾ എടുത്ത് തണലിൽ വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും പൊതുവെ യുവി സൂചിക ഉയർന്ന നിലയിലായിരിക്കും എന്നതിനാൽ വിനോദസഞ്ചാരികളും സന്ദർശകരും അതീവ ജാഗ്രത പുലർത്തണം.
The post മൂന്നാർ ഉൾപ്പെടെ നാലിടത്ത് യുവി ഇൻഡക്സ് 10 കടന്നു; കടുത്ത മുൻകരുതലുകൾ വേണമെന്ന് മുന്നറിയിപ്പ് appeared first on Express Kerala.


