
പ്രണയവിവാഹങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി വിവാഹ രജിസ്‌ട്രേഷൻ നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവരാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വധൂവരന്മാരുടെ മാതാപിതാക്കളുടെ അറിവും സമ്മതവും നിർബന്ധമാക്കുന്ന നിർദ്ദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. നിഷ്കളങ്കരായ പെൺകുട്ടികൾ വഞ്ചിതരാകുന്നത് തടയാനും കുടുംബബന്ധങ്ങൾ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി നിയമസഭയിൽ വ്യക്തമാക്കി.
പുതിയ നിർദ്ദേശപ്രകാരം, വിവാഹത്തിന് അപേക്ഷിക്കുമ്പോൾ വധൂവരന്മാരുടെ രേഖകൾക്കൊപ്പം മാതാപിതാക്കളുടെ ആധാർ കാർഡും ഫോൺ നമ്പറും നൽകണം. അപേക്ഷ ലഭിച്ചാൽ പത്ത് ദിവസത്തിനുള്ളിൽ രജിസ്ട്രാർ മാതാപിതാക്കളെ നേരിട്ടോ ഫോൺ വഴിയോ വിവരമറിയിക്കണം. തുടർന്ന് താലൂക്ക് രജിസ്ട്രാർ വിവരങ്ങൾ പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ വിവാഹരേഖ നൽകുന്ന രീതിയിലാണ് നിയമം വിഭാവനം ചെയ്യുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
Also Read: ഏപ്രിൽ 1 മുതൽ ടോൾ പ്ലാസകളിൽ പണമിടപാടില്ല; പൂർണ്ണമായും ഡിജിറ്റലിലേക്ക്
വിവാഹത്തിന്റെ പേരിൽ നടക്കുന്ന ആൾമാറാട്ടവും ചതിക്കുഴികളും തടയുകയാണ് നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. ലവ് ജിഹാദ് ഉൾപ്പെടെയുള്ള പരാതികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്. മാതാപിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങൾ സാമൂഹികമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് കാട്ടി വിവിധ സമുദായ സംഘടനകൾ നൽകിയ പരാതികളും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
The post പ്രണയവിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം വേണം; വിവാഹ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു appeared first on Express Kerala.


