
ദുബായ്: കുട്ടികൾക്ക് കളിയ്ക്കാൻ വാഹനങ്ങൾ വാങ്ങി നൽകുന്ന രക്ഷിതാക്കൾക്ക് കടുത്ത മുന്നറിയിപ്പുമായി ദുബായ് പൊലീസ്. മക്കളുടെ സുരക്ഷയിൽ അൽപം അശ്രദ്ധ കാണിച്ചാൽ ലക്ഷങ്ങളുടെ പിഴയും ക്രിമിനൽ നടപടികളുമാണ് കാത്തിരിക്കുന്നത്. അടുത്തിടെ പൊതുനിരത്തിൽ സാഹസികമായി ബൈക്ക് ഓടിക്കാൻ കുട്ടിയെ അനുവദിച്ച രക്ഷിതാവിന് 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലേറെ രൂപ) പിഴ ചുമത്തിയാണ് പൊലീസ് അധികൃതർ നടപടി സ്വീകരിച്ചത്.
മറ്റൊരു കുട്ടിയെ പിന്നിലിരുത്തി പൊതുനിരത്തിലൂടെ അമിതവേഗതയിൽ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ദുബായ് ട്രാഫിക് പട്രോളിങ് സംഘം ഉടൻ തന്നെ വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന രക്ഷിതാവിന്റെ വാദം പൊലീസ് തള്ളിക്കളഞ്ഞു. ട്രാഫിക് നിയമലംഘനത്തിന് പുറമെ, യുഎഇയിലെ പ്രശസ്തമായ ‘വദീമ’ നിയമപ്രകാരമുള്ള ക്രിമിനൽ നടപടികളും ഈ രക്ഷിതാവിനെതിരെ സ്വീകരിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കുന്നതിനുമുള്ള അതിശക്തമായ നിയമമാണിത്.
Also Read: യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്
തിരക്കേറിയ റോഡുകളിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള പക്വത കുട്ടികൾക്കില്ലെന്ന് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി വ്യക്തമാക്കി. കുട്ടികൾക്കായി വാങ്ങുന്ന വിനോദ വാഹനങ്ങൾ പ്രത്യേക ഇടങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ. മക്കൾക്ക് വാഹനങ്ങൾ നൽകുമ്പോൾ അവർക്ക് ലൈസൻസും പ്രായവുമുണ്ടെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. അപകടകരമായ ഇത്തരം പ്രവണതകൾ കണ്ടാൽ 901 എന്ന നമ്പറിലോ ‘പൊലീസ് ഐ’ ആപ്പ് വഴിയോ വിവരം കൈമാറാനും അധികൃതർ നിർദ്ദേശിച്ചു.
The post മക്കൾക്ക് ബൈക്ക് നൽകിയാൽ ‘എട്ടിന്റെ പണി’ ഉറപ്പ്! രക്ഷിതാക്കൾ ജാഗ്രതൈ appeared first on Express Kerala.


