loader image

ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് സംസ്ഥാന റവന്യൂ അവാര്‍ഡ്.

തൃശ്ശൂര്‍ : ഭരണത്തിന്റെ കരുത്ത് കണക്കുകളില്‍ മാത്രമല്ല, മനുഷ്യരുടെ കണ്ണീരൊപ്പുന്നതിലാണ് എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. സംസ്ഥാന റവന്യൂ അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച ജില്ലാ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യനെ തെരഞ്ഞെടുത്തത് തൃശ്ശൂരിന്റെ ജനഹൃദയങ്ങള്‍ക്കുള്ള അംഗീകാരമാണ്.
ഭൂമിയില്ലാത്തവന് ഭൂമി കൈമാറുമ്പോള്‍ അത് ഒരു പട്ടയമല്ല, ഒരു ജീവിതത്തിന്റെ ഉറപ്പാണെന്ന നിലപാടിലുറച്ച് പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലയിലെയും തീരദേശ മേഖലയിലെയും ജനങ്ങള്‍ക്കും സമൂഹത്തില്‍ അശരണരായി നില്‍കുന്നവര്‍ക്കും കളക്ടര്‍ ആശ്രയമായി. സാങ്കേതിക തടസ്സങ്ങള്‍ കാരണം പട്ടയം വൈകിയ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍ക്കു കഴിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭൂമി പുനര്‍ നിക്ഷിപ്തമാക്കി പട്ടയം നല്‍കിയ ആദ്യ ജില്ലയാക്കി തൃശ്ശൂരിനെ മാറ്റാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിനായി.
ഭൂവിതരണത്തില്‍ വേഗത കൈവരിച്ചതും ജനസൗഹൃദ ഭരണ നടപടികള്‍ ശക്തിപ്പെടുത്തിയതുമാണ് കളക്ടറുടെ മികച്ച നേട്ടത്തിന് അടിസ്ഥാനമായത്. 2025 ല്‍ മാത്രം 6867 പട്ടയങ്ങള്‍ ജില്ലയില്‍ വിതരണം ചെയ്തു. ജില്ലയില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന നിരവധി പട്ടയപ്രശ്നങ്ങളും പരിഹരിച്ചു. സാങ്കേതിക കാരണങ്ങളാലും റവന്യൂ രേഖകളുടെ അപാകതമൂലവും നിയമപ്രശ്നങ്ങള്‍ മൂലവും പട്ടയം നല്‍കാന്‍ കഴിയാതിരുന്ന നിരവധി കേസുകളില്‍ പരിഹാരം കാണാനും സാധിച്ചു.
വര്‍ഷങ്ങളായി പരിഹരിക്കാതെയിരുന്ന ജില്ലയിലെ ഒളകര ആദിവാസി ഉന്നതിയിലെ 44 കുടുംബങ്ങള്‍ക്കും പോത്തുപാറയില്‍ 24 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശരേഖ നല്‍കിയതും ചരിത്ര നേട്ടമായിരുന്നു. 27 വര്‍ഷമായി തൃശ്ശൂര്‍ താലൂക്കിലെ ഒല്ലൂര്‍ നവജ്യോതി ശാന്തിനഗര്‍ നിവാസികളുടെ പട്ടയം പ്രശ്നം, 40 വര്‍ഷമായി ഒല്ലൂക്കര വില്ലേജിലെ പട്ടാളക്കുന്ന് നിവാസികളുടെ പട്ടയ പ്രശ്നം, മാടക്കത്തറ, അവണൂര്‍, പാണഞ്ചേരി ഇരുമ്പുപാലം തുടങ്ങി സാങ്കേതിക തടസ്സം മൂലം പട്ടയം അനുവദിക്കാന്‍ കഴിയാതിരുന്ന നിരവധി ആളുകള്‍ക്ക് പട്ടയം നല്‍കാനും കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിനായി. ജില്ലയിലെ അതി ദരിദ്രരായ കുടുംബങ്ങളില്‍ ഭൂരഹിതരായവര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി ഭൂമിയില്ലാത്ത 50 കുടുംബങ്ങള്‍ക്കും ഭൂമി കണ്ടെത്തി പട്ടയം നല്‍കുകയും ജില്ലയെ അതിദരിദ്രരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കുകയും ചെയ്തതും ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു.
ജില്ലയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ ലഭിച്ച പരാതികളില്‍ 96 ശതമാനവും പരിഹരിക്കാന്‍ കഴിഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍, ആദിവാസി ഉന്നതികളുടെ റവന്യൂ വില്ലേജുകളിലേക്കുള്ള പരിവര്‍ത്തനം തുടങ്ങിയ നടപടികള്‍ക്കും സംസ്ഥാനതലത്തില്‍ അംഗീകാരം ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഭൂമി ഏറ്റെടുക്കല്‍ പദ്ധതികള്‍, വിനോദസഞ്ചാര മേഖലയില്‍ എടുത്ത ഇടപെടലുകള്‍, കളക്ടറേറ്റിലെ ജനസൗഹൃദ നവീകരണങ്ങള്‍ എന്നിവയും ജില്ലാഭരണകൂടത്തിന്റെ നേട്ടത്തില്‍ നിര്‍ണായകമായി.
വിവിധ അദാലത്തുകള്‍ വഴി ആയിരങ്ങള്‍ക്കു നീതി ലഭ്യമാക്കി പരാതികള്‍ ഫയലുകളില്‍ കുടുങ്ങാതെ പരിഹാരമായി ജനങ്ങളിലേക്കെത്തി. ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും കളക്ടര്‍ക്കായി. എല്ലാ മാസവും ആദിവാസി ഉന്നതികളില്‍ കളക്ടര്‍ നേരിട്ട് സന്ദര്‍ശനം നടത്തി അവരുടെ വികസനം ഉറപ്പാക്കി. സംസ്ഥാനത്ത് ആദ്യമിയി ജില്ലയിലെ കാക്കിനിക്കാട് ഉന്നതിയെ റവന്യൂ വില്ലേജായി പ്രഖ്യാപിച്ചു.

Spread the love
See also  'മിന്നല്‍ മാജിക്'... കേരള സര്‍ക്കാരിൻ്റെ ബ്രാൻഡിക്ക് പേരായി; ഒരു മാസത്തിനകം ബെവ്കോ ഔട്ട്ലെറ്റിലെത്തും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close