
ലണ്ടൻ ആസ്ഥാനമായുള്ള ടെക് കമ്പനിയായ നത്തിംഗ്, തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പരമ്പരയായ നത്തിംഗ് ഫോൺ 4a സീരീസ് മാർച്ച് 5-ന് ആഗോള വിപണിയിൽ അവതരിപ്പിക്കും. ഫോൺ 4a, ഫോൺ 4a പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ പ്രതീക്ഷിക്കുന്നത്. മുൻ മോഡലുകളെ അപേക്ഷിച്ച് ഡിസൈനിലും പ്രകടനത്തിലും വലിയ മാറ്റങ്ങളുമായാണ് പുതിയ ഫോണുകൾ എത്തുന്നത്. നത്തിംഗിന്റെ സിഗ്നേച്ചർ സുതാര്യ ഡിസൈനിനൊപ്പം നീല, പിങ്ക് തുടങ്ങിയ ആകർഷകമായ പുതിയ നിറങ്ങളിലും ഫോൺ ലഭ്യമായേക്കും.
പുതിയ സീരീസിലെ ഏറ്റവും പ്രധാന ആകർഷണം ‘ഗ്ലിഫ് ബാർ’ എന്ന പുതിയ ലൈറ്റിംഗ് ഇന്റർഫേസാണ്. ഒമ്പത് ഇൻഡിവിജ്വൽ മിനി-എൽഇഡി ലൈറ്റുകൾ ഉൾക്കൊള്ളുന്ന ഈ സംവിധാനം ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം ക്രമീകരിക്കാൻ സാധിക്കും. മുൻ (a) സീരീസിനേക്കാൾ 40 ശതമാനം കൂടുതൽ പ്രകാശമുള്ളതാണ് പുതിയ ഗ്ലിഫ് ബാറെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോൺ 3a-യിലെ ഗ്ലിഫ് ലൈറ്റുകൾക്ക് പകരമായി എത്തുന്ന ഈ ഫീച്ചർ നോട്ടിഫിക്കേഷനുകൾക്കും മറ്റ് അലേർട്ടുകൾക്കും കൂടുതൽ മിഴിവേകും.
Also Read: പ്രപഞ്ചത്തിലെ ‘സീരിയൽ കില്ലർമാർ’! ഗാലക്സികളെ കൊന്നൊടുക്കുന്ന സൂപ്പർമാസീവ് ബ്ലാക്ക് ഹോളുകൾ
സാങ്കേതിക മികവിലേക്ക് നോക്കിയാൽ, ഫോൺ 4a-യിൽ സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്പും പ്രോ മോഡലിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പും ഉണ്ടാകാനാണ് സാധ്യത. 6.7 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേ, 144Hz വരെ റിഫ്രഷ് റേറ്റ്, 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനം എന്നിവ പ്രോ മോഡലിന്റെ പ്രത്യേകതകളായിരിക്കും. ഏകദേശം 35,000 രൂപ മുതൽ 45,000 രൂപ വരെയുള്ള വില നിലവാരത്തിലായിരിക്കും അന്താരാഷ്ട്ര വിപണിയിൽ ഈ ഫോണുകൾ എത്തുക എന്നാണ് സൂചനകൾ.
The post നത്തിംഗ് ഫോൺ 4a സീരീസ് മാർച്ച് 5-ന് എത്തും; വിസ്മയിപ്പിക്കാൻ പുതിയ ‘ഗ്ലിഫ് ബാറും’ കരുത്തുറ്റ സ്നാപ്ഡ്രാഗൺ ചിപ്പും appeared first on Express Kerala.


