
ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ആയുധമേന്തിയ ഏറ്റുമുട്ടലിൽ പത്തുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അപ്പു ശാസ്ത്താമുറി, ശരത്, അഭിലാഷ്, സജിൻ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് ആറുപേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. വധശ്രമം, കലാപം സൃഷ്ടിക്കൽ, ആയുധം കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മഹാദേവിക്കാട് കെടിഡിസി ബിയർ പാർലറിൽ വെച്ച് കാപ്പ പ്രതി പ്രവീൺ പ്രസന്നൻ, മണ്ണാറശ്ശാല മഹേഷ് എന്നിവരുടെ സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. ഇതിന്റെ തുടർച്ചയായി വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പുളിക്കീഴ് വെച്ച് ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു.
Also Read: കോഴിക്കോട് ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരന് മർദനം, കട തല്ലിത്തകർത്തു
കൂട്ടത്തല്ലിനിടെ തൃക്കുന്നപ്പുഴ സ്വദേശിയായ വിഷ്ണു മറുസംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി. എന്നാൽ റിവോൾവറിൽ ഉണ്ടയില്ലെന്ന് മനസ്സിലാക്കിയ മറുസംഘം വിഷ്ണുവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പട്ടിക കൊണ്ടുള്ള അടിയേറ്റ വിഷ്ണു നിലവിൽ പരുമല ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷത്തിൽ പരിക്കേറ്റ മറ്റ് ചിലർ വണ്ടാനം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്.
സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് യഥാർത്ഥ റിവോൾവർ ആണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.
The post തൃക്കുന്നപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ: തോക്ക് ചൂണ്ടി ഭീഷണി, പത്തുപേർക്കെതിരെ വധശ്രമത്തിന് കേസ് appeared first on Express Kerala.


