
വയനാട്ടിൽ വാണിജ്യ അളവിൽ വീണ്ടും മയക്കുമരുന്ന് വേട്ട. മീനങ്ങാടി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ ലോറിയുടെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മാരക ലഹരിമരുന്നുകൾ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കുന്ന് സ്വദേശി ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട സ്വദേശി നിഖിൽ തോമസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സംശയാസ്പദമായ രീതിയിൽ കണ്ട ലോറി തടഞ്ഞുനിർത്തുകയായിരുന്നു. പരിശോധനയ്ക്കിടെ ഡ്രൈവറും സഹായിയും പരിഭ്രമിച്ചത് ശ്രദ്ധയിൽപ്പെട്ട പോലീസ് ലോറിയിൽ വിശദമായ പരിശോധന നടത്തി. ഇളകിയ നിലയിലായിരുന്ന ടൂൾ ബോക്സിനുള്ളിലെ രഹസ്യ അറയിൽ നിന്നാണ് 17.98 ഗ്രാം എംഡിഎംഎയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത്.
മൈസൂരിലെ ബേഗൂരിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതായിരുന്നു ഇവ. മീനങ്ങാടി എസ്.ഐ ഡി. മിഥുന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരിക്കടത്തിന് ഉപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The post വയനാട്ടിൽ വൻ ലഹരിവേട്ട; ലോറിയിലെ രഹസ്യ അറയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും, രണ്ട് യുവാക്കൾ പിടിയിൽ appeared first on Express Kerala.


