
കുവൈത്തിൽ കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഗതാഗത നിയമങ്ങൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. ഫുട്പാത്തുകളിലൂടെ ബൈക്ക് ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. തിരക്കേറിയ സ്ഥലങ്ങളിൽ നടപ്പാതകൾ വഴി ബൈക്കുകൾ പോകുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ ഇടപെടൽ. പ്രധാനമായും ഡെലിവറി ബൈക്ക് ഡ്രൈവർമാരെ ലക്ഷ്യമിട്ടാണ് ഈ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പലപ്പോഴും ഡെലിവറി ബോയ്സ് ഫുട്പാത്തുകളെ ആശ്രയിക്കുന്നത് പതിവാണ്. എന്നാൽ ഇത് നടന്നുപോകുന്നവർക്ക് വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴ ഈടാക്കുന്നതിന് പുറമെ വാഹനം പിടിച്ചെടുക്കാനും സാധ്യതയുണ്ട്. ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വ്യക്തമായ നിർദ്ദേശം ട്രാഫിക് വിഭാഗത്തിന് ഇതിനോടകം നൽകിക്കഴിഞ്ഞു.
Also Read: 90 മീറ്റർ വ്യാസമുള്ള കൂറ്റൻ മകുടം; ആഗോള ശ്രദ്ധയാകർശിച്ച് സൗദിയിലെ തബൂക്ക് സർവകലാശാലാ മസ്ജിദ്
തങ്ങളുടെ ജീവനക്കാർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഡെലിവറി കമ്പനികൾക്ക് അധികൃതർ കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കാനാണ് തീരുമാനം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതി നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ പാലിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.
The post ഫുട്പാത്തിലൂടെ ബൈക്കോടിച്ചാൽ പണി കിട്ടും; പിടിമുറുക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം appeared first on Express Kerala.


