
അഞ്ചൽ: ഭാര്യ മോഷണക്കേസിൽ റിമാൻഡിലായതിൽ മനംനൊന്ത് ഭർത്താവ് വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചു. പടിഞ്ഞാറ്റിൻകര റഹീം മൻസിലിൽ റഫീഖ് (41) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് റഫീഖ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കരുതുന്നത്. വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്.
ഉടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് റഫീഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകുന്നേരത്തോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. റഫീഖിന്റെ ഭാര്യ സബീന നിലവിൽ മോഷണക്കേസിൽ ജയിലിലാണ്. ശനിയാഴ്ച തന്റെ മകനെ ഭാര്യയുടെ വീട്ടിലാക്കിയ ശേഷമാണ് റഫീഖ് വീട്ടിലെത്തി തീ കൊളുത്തിയത്. പുനലൂർ എ.എസ്.പി. ഡോ. അപർണ, അഞ്ചൽ സി.ഐ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
The post ഭാര്യ മോഷണക്കേസിൽ ജയിലിലായി; പിന്നാലെ ഭർത്താവ് തീകൊളുത്തി മരിച്ചു appeared first on Express Kerala.


