
ദക്ഷിണേന്ത്യൻ സിനിമാലോകം കാത്തിരുന്ന 70-ാമത് ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് നിശ കൊച്ചിയിൽ പ്രൗഢഗംഭീരമായി നടന്നു. കേരള ടൂറിസവുമായി സഹകരിച്ച് ചരിത്രത്തിലാദ്യമായാണ് ഈ പുരസ്‌കാര ചടങ്ങ് കേരളത്തിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ മികച്ച പ്രതിഭകളെ ആദരിച്ച ചടങ്ങിൽ താരരാജാവ് മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
മലയാള സിനിമയിൽ ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. തന്റെ 16-ാമത് ഫിലിംഫെയർ അവാർഡ് ഏറ്റുവാങ്ങിയ അദ്ദേഹം, പുരസ്‌കാരം തന്നോടൊപ്പം നോമിനേഷൻ പട്ടികയിലുണ്ടായിരുന്ന ആസിഫ് അലി, ബേസിൽ ജോസഫ് എന്നിവരുമായി വേദിയിൽ പങ്കുവെച്ചത് കാണികളുടെ കൈയടി നേടി. ‘ഉള്ളൊഴുക്കി’ലൂടെ ഉർവശി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
Also Read: അജിത്തിനൊപ്പം റേസിംഗ് ട്രാക്കിൽ മഞ്ജു വാര്യർ; വൈറലായി പുത്തൻ ചിത്രങ്ങൾ!
മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്‌സ്, മികച്ച സംവിധായകൻ രാഹുൽ സദാശിവൻ (ഭ്രമയുഗം), മികച്ച ചിത്രം (ക്രിട്ടിക്‌സ്) ഉള്ളൊഴുക്ക്, കിഷ്‌കിന്ധാകാണ്ഡം, മികച്ച നടൻ (ക്രിട്ടിക്‌സ്) പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, മികച്ച നടി (ക്രിട്ടിക്‌സ്) സറിൻ ഷിഹാബ് (ആട്ടം). ബ്ലെസിയുടെ ‘ആടുജീവിതം’ അഞ്ച് പുരസ്‌കാരങ്ങൾ നേടിയപ്പോൾ, ‘കിഷ്‌കിന്ധാകാണ്ഡം’ നാല് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ് (ക്രിട്ടിക്‌സ്), വിജയാരാഘവൻ (സഹനടൻ), സുഷിൻ ശ്യാം (സംഗീതം), ലിജോമോൾ ജോസ് (സഹനടി) എന്നിവരും പുരസ്‌കാര പട്ടികയിൽ ഇടംപിടിച്ചു.
തെലുങ്കിൽ ‘പുഷ്പ 2: ദി റൂൾ’ അഞ്ച് പുരസ്‌കാരങ്ങളുമായി മികച്ച ചിത്രമായി. അല്ലു അർജുൻ മികച്ച നടനായി ഹാട്രിക് നേട്ടം കൊയ്തപ്പോൾ, അമിതാഭ് ബച്ചൻ മികച്ച സഹനടനായി (കൽക്കി 2898 എഡി) തിരഞ്ഞെടുക്കപ്പെട്ടു. തമിഴിൽ എട്ട് പുരസ്‌കാരങ്ങളുമായി ‘അമരൻ’ ആധിപത്യം സ്ഥാപിച്ചു. ശിവകാർത്തികേയൻ (നടൻ), സായ് പല്ലവി (നടി) എന്നിവരാണ് മികച്ച താരങ്ങൾ. കന്നഡയിൽ ‘ശാഖാഹാരി’ മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ‘മെയ്യഴഗൻ’ എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടൻ (ക്രിട്ടിക്‌സ്) പുരസ്‌കാരവും കാർത്തി മികച്ച സഹനടൻ പുരസ്‌കാരവും സ്വന്തമാക്കി. ‘തങ്കലാനി’ലെ പ്രകടനത്തിന് പാർവതി തിരുവോത്തും ‘ലബ്ബർ പന്തി’ന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.
മലയാളത്തിന്റെ പ്രിയപ്രതിഭകളായ അന്തരിച്ച നടൻ ശ്രീനിവാസനും കവി ശ്രീകുമാരൻ തമ്പിക്കും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. നടി ഭാവനയെ ‘സിനി ഐക്കൺ’ അവാർഡ് നൽകി ആദരിച്ചു. കഥകളിയോടെ ആരംഭിച്ച ചടങ്ങ് നൃത്തപ്രകടനങ്ങളാൽ സമ്പന്നമായിരുന്നു.
The post കൊച്ചിയിൽ നക്ഷത്രത്തിളക്കം; മികച്ച നടനുള്ള പുരസ്‌കാരം ആസിഫിനും ബേസിലിനും പങ്കുവെച്ച് മെഗാസ്റ്റാർ appeared first on Express Kerala.


