
പുകവലി ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല, നിങ്ങളുടെ തലമുടിയുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുമെന്ന് പുതിയ പഠനം. സ്ഥിരമായി പുകവലിക്കുന്നവരിൽ അകാല നരയ്ക്കും കഷണ്ടിക്കും സാധ്യത കൂടുതലാണെന്ന് യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ഗവേഷക സംഘം കണ്ടെത്തി. മുടികൊഴിച്ചിലിന് പ്രായവും പാരമ്പര്യവും ഭക്ഷണക്രമവും മാത്രം പരിശോധിച്ചാൽ പോരെന്നും ജീവിതശൈലിയിലെ മാറ്റങ്ങൾ നിർണ്ണായകമാണെന്നും പഠനം വ്യക്തമാക്കുന്നു.
മുടി കൊഴിയുന്നത് എങ്ങനെ?
പുകയിലയിലുള്ള നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ് തുടങ്ങിയ വിഷാംശങ്ങൾ ശരീരത്തിൽ എത്തുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും തലയോട്ടിയിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇത് മുടിവളർച്ചയ്ക്ക് ആവശ്യമായ ഓക്സിജനും മറ്റ് പോഷകങ്ങളും മുടിവേരുകളിൽ എത്തുന്നത് തടയുന്നു. ശരീരത്തിലുണ്ടാകുന്ന വീക്കവും സമ്മർദവുമാണ് മുടി കൊഴിച്ചിലിനും അകാല നരയ്ക്കും കാരണമാകുന്നത്.
Also Read: സ്ലീവ്‌ലെസ്സ് ഇനി പേടിയില്ലാതെ ധരിക്കാം; കക്ഷത്തിലെ കറുപ്പകറ്റാൻ ഇതാ ചില ‘മാജിക്’ കൂട്ടുകൾ!
പുകവലി എങ്ങനെ നിയന്ത്രിക്കാം?
പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഗവേഷകർ ചില നിർദ്ദേശങ്ങളും മുന്നോട്ട് വെക്കുന്നു.
ശ്രദ്ധ തിരിക്കുക: പുകവലിക്കണം എന്ന തോന്നൽ ഉണ്ടാകുമ്പോൾ പാട്ട് കേൾക്കുകയോ, സിനിമ കാണുകയോ, നടക്കാൻ പോവുകയോ ചെയ്യുന്നത് മനസ്സിനെ മാറ്റാൻ സഹായിക്കും.
വെള്ളം കുടിക്കുക: ദാഹം പലപ്പോഴും പുകവലിക്കാനുള്ള പ്രേരണയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
വ്യായാമം ശീലമാക്കുക: കൃത്യമായ വ്യായാമം ശരീരത്തിൽ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കുകയും നിക്കോട്ടിനോടുള്ള ആസക്തി കുറയ്ക്കുകയും ചെയ്യുന്നു.
പുകവലിക്കുന്ന എല്ലാവർക്കും കഷണ്ടി വരണമെന്നില്ലെങ്കിലും, പുകവലിക്കാത്തവരെ അപേക്ഷിച്ച് ഇവർക്ക് സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post കഷണ്ടി ഒഴിവാക്കണോ? എങ്കിൽ പുകവലി ഉപേക്ഷിച്ചോളൂ! appeared first on Express Kerala.


