
വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ സംഭവത്തിൽ കോർപറേഷനെതിരെ പ്രതിഷേധം. നിലത്ത് കിടന്നാണ് പ്രതിഷേധം. കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് മൂന്ന് ചുമട്ടുതൊഴിലാളികളാണ് മരിച്ചത്. മുൻപ് പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് ജോലിക്കിടെ തൊഴിലാളികളുടെ മുകളിലേക്ക് പതിച്ചത്. കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. സ്ലാബിനടിയിൽ കുടുങ്ങിയ അഞ്ച് തൊഴിലാളികളെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള എഴുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് അപകടം നടന്നത്. നിരവധി തൊഴിലാളികൾ വിശ്രമിക്കാനായി ആശ്രയിച്ചിരുന്ന ഈ കെട്ടിടം അത്യന്തം അപകടാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടാഴ്ച മുൻപ് ഇതേ കെട്ടിടത്തിൽ ഒരു പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും അത് മറികടന്നാണ് പുതിയ സ്ഥാപനത്തിന് അനുമതി നൽകിയതെന്ന ആക്ഷേപം ശക്തമാണ്.
The post വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ സംഭവം; കോർപറേഷനെതിരെ പ്രതിഷേധം appeared first on Express Kerala.


