
സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽനിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പറുകൾ ശേഖരിച്ച് സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ കെ.എം. അനിൽകുമാർ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. വ്യക്തികളുടെ സമ്മതമില്ലാതെ സ്വകാര്യ വിവരങ്ങൾ ചോർത്തിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ, അർദ്ധസർക്കാർ ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വ്യാപകമായി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഡി.എ. വർദ്ധനവ്, ശമ്പള പരിഷ്‌കരണം, ഭവന വായ്പ തുടങ്ങിയ സർക്കാർ നേട്ടങ്ങൾ വിവരിക്കുന്നതായിരുന്നു ഈ സന്ദേശങ്ങൾ. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം നൽകിയ വിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചത് സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ പ്രധാന ആരോപണം. പൊതുജനങ്ങൾക്കും സംരംഭകർക്കും സമാനമായ രീതിയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്; മാർച്ച് 6-ന് കൊച്ചിയിലെത്തും
സർക്കാർ പ്രോജക്ടുകളുടെ കാര്യക്ഷമമായ നടത്തിപ്പിന് വേണ്ടിയാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും അത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. സ്പാർക്ക് പോർട്ടലിലെ ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാറ്റിയത് അതീവ ഗൗരവകരമായ സുരക്ഷാ വീഴ്ചയാണെന്നും ഹർജിക്കാർ ആരോപിക്കുന്നു. സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹർജിക്കാർക്കായി കോടതിയിൽ ഹാജരാകുന്നത്.
The post സ്പാർക്ക് വിവരങ്ങൾ ചോർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി appeared first on Express Kerala.


