ഇന്ത്യൻ വിപണിയിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലവർദ്ധനവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. സ്വർണ്ണത്തിനും വെള്ളിക്കുമുള്ള നിലവിലെ ഉയർന്ന ഡിമാൻഡ് വെറും ‘സീസണൽ’ മാത്രമാണെന്നും സർക്കാർ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവർ പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുമായുള്ള ബജറ്റിന് ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യ സ്വർണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണെന്നും ആഭ്യന്തര വിപണിയിലെ ആവശ്യകത നിറവേറ്റാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. സ്വർണ്ണം മികച്ചൊരു നിക്ഷേപ മാർഗ്ഗമായാണ് ജനങ്ങൾ കാണുന്നത്. അന്താരാഷ്ട്ര വിപണിയിൽ കേന്ദ്ര ബാങ്കുകൾ വലിയ തോതിൽ സ്വർണ്ണവും വെള്ളിയും വാങ്ങിക്കൂട്ടുന്നതാണ് വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പ്രധാന കാരണമെന്നും, ആർബിഐയും കേന്ദ്ര സർക്കാരും ഈ മാറ്റങ്ങൾ സദാ നിരീക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Also Read: ആഭരണപ്രേമികൾക്ക് തിരിച്ചടി; സ്വർണത്തിന് പിന്നാലെ വെള്ളിവിലയും കുതിക്കുന്നു
അമേരിക്കയിലെ പുതിയ തീരുവ നയങ്ങൾ ഇന്ത്യൻ വിപണിയെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി. വാണിജ്യ, വ്യവസായ മന്ത്രാലയം ഈ വിഷയം ആഴത്തിൽ വിശകലനം ചെയ്തുവരികയാണെന്നും കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷം മാത്രമേ ഇതിൽ പ്രതികരിക്കാനാവൂ എന്നും അവർ വ്യക്തമാക്കി. സ്വർണ്ണ വിപണിയിലെ കുതിച്ചുചാട്ടം നിലവിൽ നിയന്ത്രണവിധേയമാണെന്നും സാധാരണക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്നുമാണ് ധനമന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന.
The post സ്വർണ്ണവിലയിൽ ആശങ്ക വേണ്ട; വിപണി നിരീക്ഷിക്കുകയാണെന്ന് നിർമ്മല സീതാരാമൻ appeared first on Express Kerala.


