
നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പുനർവിവാഹത്തെക്കുറിച്ചും മനസ്സ് തുറന്ന് നടി സാമന്ത. സംവിധായകൻ രാജ് നിദിമൊരുവുമായുള്ള വിവാഹത്തിന് ശേഷം വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പുതിയ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനായിരുന്നു സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും വിവാഹിതരായത്. നാഗ ചൈതന്യയുമായുള്ള വേർപിരിയലിന് ശേഷം ഏകദേശം നാല് വർഷത്തോളം പിന്നിട്ടപ്പോഴാണ് താരം വീണ്ടും വിവാഹജീവിതത്തിലേക്ക് കടന്നത്. വിവാഹമോചനത്തിന് ശേഷം മാനസികമായി താൻ ഏറെ തളർന്നിരുന്നുവെന്നും മറ്റൊരു വ്യക്തിയെ വിശ്വസിക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സാമന്ത വെളിപ്പെടുത്തി.
പൊതുമധ്യത്തിൽ നിൽക്കുമ്പോൾ അപമാനിക്കപ്പെടുമോ അല്ലെങ്കിൽ ട്രോൾ ചെയ്യപ്പെടുമോ എന്ന ഭയം എപ്പോഴും തന്നെ വേട്ടയാടിയിരുന്നുവെന്ന് നടി പറയുന്നു. എന്നാൽ രാജിൽ നിന്നുള്ള സ്നേഹവും സൗഹൃദവും തന്നെ മാറ്റിയെടുക്കുകയായിരുന്നു. രാജിനൊപ്പമുള്ള ബന്ധം തന്നെ കൂടുതൽ നല്ലൊരു മനുഷ്യനാക്കിയെന്നും സാമന്ത കൂട്ടിച്ചേർത്തു.
Also Read:ജോർജ്കുട്ടി വീണ്ടും വരുന്നു; ‘ദൃശ്യം 3’ പുത്തൻ പോസ്റ്റർ പുറത്ത്, റിലീസ് ഏപ്രിൽ 2-ന്
ജോലി, വർക്ക് ഔട്ട്, വിനോദങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളും തങ്ങൾ ഒരുമിച്ച് ചെയ്യുന്നവരാണെന്ന് സാമന്ത പറഞ്ഞു. “ഇതൊരു ഹണിമൂൺ കാലഘട്ടം ഒന്നുമല്ല, അതിനൊക്കെയുള്ള സമയം കഴിഞ്ഞു. രാജിന് മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം, പുള്ളിക്ക് ഇപ്പോൾ എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ലല്ലോ,” എന്നും തമാശരൂപേണ താരം പറഞ്ഞു. സിനിമാ ജീവിതത്തിൽ 16 വർഷം പിന്നിടുമ്പോൾ തന്നെക്കുറിച്ചുള്ള ട്രോളുകളെയോ വിമർശനങ്ങളെയോ താൻ ഗൗരവമായി കാണുന്നില്ലെന്നും സാമന്ത വ്യക്തമാക്കി.
The post വിവാഹമോചനത്തിന് ശേഷമുള്ള തിരിച്ചുവരവ്! ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയില്ലെന്ന് കരുതി; സാമന്ത appeared first on Express Kerala.


