
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം കാത്തിരിക്കുന്ന ഒരു അപൂർവ്വ കൂടിക്കാഴ്ചയ്ക്ക് ക്ലിഫ് ഹൗസ് വേദിയായി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടൻ മോഹൻലാൽ നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ ടീസർ ഇന്ന് (ചൊവ്വ) വൈകീട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവ രഹസ്യമായാണ് അഭിമുഖം പൂർത്തിയാക്കിയത്. സംവിധായകൻ ടി.കെ. രാജീവ് കുമാർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ചിത്രീകരണം നടന്നത്. ക്ലിഫ് ഹൗസിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Also Read: ആരാധകർക്ക് ആവേശമായി ‘ബിഗ് ബി’യുടെ പോസ്റ്റ്; ‘കൽക്കി 2’ സെറ്റിൽ അമിതാഭ് ബച്ചനും കമൽ ഹാസനും!
രണ്ട് ദിവസം നീണ്ട നടപടികൾക്കൊടുവിലാണ് അഭിമുഖം ചിത്രീകരിച്ചത്. ആദ്യദിവസം വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്ത മോഹൻലാൽ, തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി എത്തിയപ്പോഴാണ് ഷൂട്ടിംഗ് നടത്തിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനപ്രിയ താരമായ മോഹൻലാലിനെ മുൻനിർത്തിയുള്ള ഈ നീക്കം വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. മുൻപ് ഉമ്മൻചാണ്ടിയുമായും മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്. എന്നാൽ, സർക്കാരിന്റെ പി.ആർ. വർക്കുകളുടെ ഭാഗമാണിതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതിനിടെ എത്തുന്ന ഈ അഭിമുഖം ഏറെ രാഷ്ട്രീയ കൗതുകം ഉണർത്തുന്നു.
The post ‘കണ്ടും മിണ്ടിയും ഇരുവർ’; ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ ഇന്റർവ്യൂ ചെയ്ത് മോഹൻലാൽ, ടീസർ ഉടൻ! appeared first on Express Kerala.



