
കായംകുളം: കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് നവജാത ശിശുവിന്റെ കുടുംബം രംഗത്ത്. അജീഷ്-അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അതുല്യ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും അറിയിച്ച അധികൃതർ കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപേ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ മാസം 24-ാം തീയതിയായിരുന്നു പ്രസവത്തിന് തീയതി നിശ്ചയിച്ചിരുന്നതെങ്കിലും പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ സിസേറിയൻ നടത്തുകയായിരുന്നു. രണ്ടുദിവസം മുൻപ് അതുല്യയ്ക്ക് ബ്ലീഡിംഗ് ഉണ്ടായപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാൻ ജീവനക്കാർ തയ്യാറായില്ലെന്ന് ഭർത്താവ് അജീഷ് ആരോപിച്ചു. അന്ന് കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തിൽ അജീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post കായംകുളത്ത് നവജാത ശിശു മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം appeared first on Express Kerala.



