
പറവൂർ മുൻ നഗരസഭ കൗൺസിലറും പ്രമുഖ കോൺഗ്രസ് നേതാവുമായ വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് അവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. വത്സലയുടെ രാഷ്ട്രീയ പരിചയം ബിജെപിക്ക് വലിയ കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് താൻ പാർട്ടിയിലേക്ക് വന്നതെന്ന് വത്സല പ്രസന്നകുമാറും പ്രതികരിച്ചു.
ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിലുള്ള യഥാർത്ഥ പ്രതികൾ പുറത്തുവരണമെന്നും കൊള്ളക്കാർ ജയിലിലാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും ബിജെപി ഈ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ഉദ്യോഗസ്ഥരുടെ ഡാറ്റാ ചോർച്ച: മുഖ്യമന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അവതരിപ്പിച്ച കന്നി ബജറ്റിനെ രാജീവ് ചന്ദ്രശേഖർ പ്രശംസിച്ചു. തലസ്ഥാന നഗരത്തിന്റെ വികസനത്തിനുള്ള വ്യക്തമായ ബ്ലൂപ്രിന്റാണ് ഈ ബജറ്റെന്നും നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വത്സല പ്രസന്നകുമാറിന്റെ വരവോടെ പറവൂരിൽ മാറ്റങ്ങളുടെ പരമ്പര സൃഷ്ടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
The post പറവൂരിൽ കോൺഗ്രസിന് തിരിച്ചടി; മുൻ നഗരസഭ കൗൺസിലർ വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു appeared first on Express Kerala.



