
കുവൈത്ത്: 2026-ലെ ദേശീയ ദിന ആഘോഷങ്ങൾ സുരക്ഷിതമായി നടത്തുന്നതിനായി കുവൈത്തിൽ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കി. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ വുഹൈബിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ആഘോഷങ്ങൾക്കിടയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനമെടുത്തത്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടികൾ.
ആഘോഷങ്ങൾക്കിടയിൽ വാട്ടർ ഗണ്ണുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയുണ്ടാകും. റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ആഘോഷങ്ങൾ അനുവദിക്കില്ല. വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന തരത്തിൽ വലിയ കൊടികൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. സുരക്ഷാ പരിശോധനകൾക്കിടയിലും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്ന രീതിയിൽ വേണം ആഘോഷങ്ങൾ സംഘടിപ്പിക്കാനെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
The post ആഘോഷങ്ങളിൽ അതിരുവിടരുത്; ദേശീയ ദിനത്തിന് മുന്നോടിയായി കുവൈത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി appeared first on Express Kerala.



