
കുവൈത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് തങ്ങളുടെ വാഹനം മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നതിനുള്ള ഔദ്യോഗിക അനുമതിപത്രം ഇനി മുതൽ ‘സഹേൽ’ ആപ്പ് വഴി ഡിജിറ്റലായി നൽകാം. സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നതിലെ കാലതാമസവും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും ഇൻഫർമേഷൻ സിസ്റ്റം വിഭാഗവും ചേർന്ന് ഈ പുതിയ ഇ-സേവനം അവതരിപ്പിച്ചത്.
വാഹന ഉടമകൾക്ക് തങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ മറ്റൊരാൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി നൽകാനും, ആ അനുമതിയുടെ കാലാവധി എത്ര വേണമെന്ന് നിശ്ചയിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. കൂടാതെ, നൽകിയ അനുമതികൾ പരിശോധിക്കാനും ആവശ്യമെന്ന് തോന്നുന്ന പക്ഷം ഏത് സമയത്തും അത് റദ്ദാക്കാനുമുള്ള സൗകര്യവും ആപ്പിൽ ലഭ്യമാണ്. ഇത് വാഹന ഉടമകൾക്കും ഉപയോഗിക്കുന്നവർക്കും ഒരുപോലെ സുരക്ഷയും നിയമസാധുതയും ഉറപ്പാക്കുന്നു.
Also Read: കുവൈത്തിൽ ഡിജിറ്റൽ വിപ്ലവം! ആരോഗ്യ സേവനങ്ങൾക്കും സലൂണുകളിലും ഇനി പണം നേരിട്ട് സ്വീകരിക്കില്ല
സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണത്തിലേക്കുള്ള കുവൈറ്റിന്റെ യാത്രയിലെ സുപ്രധാന ചുവടുവെപ്പായാണ് ഈ മാറ്റത്തെ അധികൃതർ കാണുന്നത്. പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതമായും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് ഓഫീസുകളിൽ എത്താതെ തന്നെ വാഹന സംബന്ധമായ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഈ സേവനം പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
The post കുവൈത്തിൽ ഇനി വാഹന കൈമാറ്റം എളുപ്പം; അനുമതിപത്രം നൽകാൻ ‘സഹേൽ’ ആപ്പ് മതി appeared first on Express Kerala.



