
കാർഷിക, നിർമ്മാണ മേഖലകൾക്കായുള്ള ഓഫ്-ഹൈവേ ടയർ നിർമ്മാണത്തിൽ ആഗോള പ്രശസ്തരായ ബാലകൃഷ്ണ ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഉപഭോക്തൃ ടയർ വിപണിയിലേക്ക് ചുവടുവെക്കുന്നു. തന്ത്രപരമായ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഇരുചക്ര വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കുമുള്ള ഓൺ-ഹൈവേ ടയർ പോർട്ട്‌ഫോളിയോ കമ്പനി പുറത്തിറക്കി. ഇന്ത്യയിൽ അതിവേഗം വളരുന്ന ടയർ വിപണിയെ ലക്ഷ്യമിട്ട് നടത്തുന്ന ഈ നീക്കത്തിനായി ഗവേഷണം, വികസനം, വിതരണ ശൃംഖല ശക്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ ഏകദേശം 3,500 കോടി രൂപയുടെ വമ്പൻ നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നത്.
ഈ പുതിയ വിപുലീകരണത്തിന്റെ ഭാഗമായി ‘ബികെടി – ഗ്രോയിംഗ് ടുഗെദർ’ എന്ന കോർപ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിൽ കമ്പനി പുതിയ ബ്രാൻഡ് ഘടനയും അവതരിപ്പിച്ചു. ഇതിനെ ടയർ ബിസിനസ് കൈകാര്യം ചെയ്യുന്ന ‘ബികെടി ടയേഴ്‌സ്’ എന്നും കാർബൺ ബ്ലാക്ക് ഉൾപ്പെടെയുള്ള വ്യവസായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ‘ബികെടി കാർബൺ’ എന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നഗര യാത്രക്കാർക്കായി ‘ബികെടി സെനോവ’, ഓഫ്-റോഡ് യാത്രകൾക്കായി ‘ബികെടി തൈറോസ്’ എന്നീ രണ്ട് ഇരുചക്ര വാഹന ടയർ സീരീസുകളാണ് പ്രാരംഭ ഘട്ടത്തിൽ വിപണിയിലെത്തുന്നത്. കൂടാതെ, 2026–27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വലിയ ട്രക്കുകൾക്കും ലോറികൾക്കുമായുള്ള റേഡിയൽ ടയറുകൾ പുറത്തിറക്കി വാണിജ്യ വാഹന മേഖലയിലേക്കും കമ്പനി സാന്നിധ്യം അറിയിക്കും.
Also Read: ആഗോള വിപണിയിൽ ഉണർവ്; സെൻസെക്സിനും നിഫ്റ്റിക്കും നേട്ടത്തോടെ തുടക്കം! സോളാർ ഓഹരികൾക്ക് തിരിച്ചടി
‘വിഷൻ 2030’ എന്ന ലക്ഷ്യത്തിലൂടെ 2030 സാമ്പത്തിക വർഷത്തോടെ വരുമാനം 23,000 കോടി രൂപയായി ഉയർത്താനാണ് ബി.കെ.ടി ലക്ഷ്യമിടുന്നത്. ഇത് നിലവിലെ വരുമാനത്തിന്റെ ഇരട്ടിയിലധികമാണ്. ഇൻഡോറിലെ ദേശീയ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കുകളിൽ കൃത്യമായ പരിശോധനകൾ പൂർത്തിയാക്കി എത്തുന്ന ഈ ടയറുകൾ ഇന്ത്യയിലെ പ്രമുഖ ടയർ നിർമ്മാതാക്കൾക്ക് ശക്തമായ മത്സരം നൽകുമെന്നാണ് കരുതപ്പെടുന്നത്. സുരക്ഷയ്ക്കും ഗുണമേന്മയ്ക്കും മുൻഗണന നൽകുന്ന കമ്പനി, ഓരോ ടയറും 130-ലധികം ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തിക്കുന്നത്.
The post ഇന്ത്യൻ ടയർ വിപണിയിലേക്ക് ബി.കെ.ടി; 3,500 കോടിയുടെ നിക്ഷേപവുമായി വമ്പൻ ചുവടുവെപ്പ് appeared first on Express Kerala.



