
അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കിടയിൽ നിന്ന് രക്തം ഒഴുകുന്നതുപോലെ ദൃശ്യമാകുന്ന ‘ബ്ലഡ് ഫാൾസ്’ എന്ന പ്രതിഭാസത്തിന്റെ രഹസ്യം ഗവേഷകർ കണ്ടെത്തി. 1911-ൽ ഓസ്‌ട്രേലിയൻ ഭൗമശാസ്ത്രജ്ഞനായ തോമസ് ഗ്രിഫിത്ത് ടെയ്‌ലർ കണ്ടെത്തിയ ഈ ചുവന്ന വെള്ളച്ചാട്ടം ദശകങ്ങളായി ശാസ്ത്രലോകത്തിന് ഒരു ചോദ്യചിഹ്നമായിരുന്നു. ദശലക്ഷക്കണക്കിന് വർഷങ്ങളായി ഹിമാനികൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന, ഇരുമ്പിന്റെ അംശം അതിമധികമുള്ള ഉപ്പുവെള്ളമാണ് ഈ അത്ഭുതക്കാഴ്ചയ്ക്ക് പിന്നിലെന്ന് ലൂയിസിയാന സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കുന്നു.
ഹിമാനികൾക്കടിയിലെ കഠിനമായ മർദം കാരണം പുറത്തേക്കുവരുന്ന ഈ ഇരുമ്പുവെള്ളം അന്തരീക്ഷത്തിലെ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് ചുവപ്പ് നിറം കൈവരുന്നത്. ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഉണ്ടാകുന്ന ഓക്സീകരണത്തിന് സമാനമായ പ്രക്രിയയാണിവിടെ നടക്കുന്നത്. അതിശൈത്യത്തിലും ഈ വെള്ളം ഉറഞ്ഞുപോകാത്തതിന് കാരണം ഇതിലെ അമിതമായ ലവണാംശമാണ്. പ്രകൃതിയിലെ ഈ രാസപ്രവർത്തനമാണ് മഞ്ഞിൻ പാളികൾക്കിടയിലൂടെ ചോരയൊഴുകുന്നതുപോലെയുള്ള വിസ്മയകരമായ കാഴ്ച നമുക്ക് സമ്മാനിക്കുന്നത്.
The post അന്റാർട്ടിക്കയിലെ ‘രക്തവെള്ളച്ചാട്ടം’! നൂറ്റാണ്ട് പഴക്കമുള്ള നിഗൂഢതയ്ക്ക് പിന്നിലെ ശാസ്ത്രം പുറത്ത് appeared first on Express Kerala.



