
തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. എടക്കാട് ഉസ്സൻമുക്ക് സ്വദേശി പി.പി. ഇസ്മയിലിനെയാണ് (42) കൊച്ചിയിൽ നിന്ന് ധർമ്മടം പോലീസ് പിടികൂടിയത്. തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇയാളും സംഘവും തട്ടിപ്പ് നടത്തിയിരുന്നത്.
ഒരു വർഷത്തേക്ക് പലിശയില്ലാതെ വായ്പ നൽകാമെന്നും കാലാവധി കഴിയുമ്പോൾ പണം തിരിച്ചടച്ചാൽ അതേ സ്വർണ്ണമോ അല്ലെങ്കിൽ പുതിയ മോഡലുകളോ നൽകാമെന്നുമാണ് പ്രതികൾ വാഗ്ദാനം ചെയ്തിരുന്നത്. ധർമ്മടം സ്വദേശിനിയിൽ നിന്ന് രണ്ടര ലക്ഷം രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണ്ണം സംഘം കൈക്കലാക്കി. പിന്നീട് സ്വർണ്ണം തിരികെ നൽകാമെന്ന് പറഞ്ഞ് സമാന്തരമായി 1,25,000 രൂപയും ഇവർ വാങ്ങി. എന്നാൽ പണം കൈപ്പറ്റിയ ശേഷം സ്വർണ്ണമോ നൽകിയ തുകയോ തിരികെ നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് വീട്ടമ്മ പോലീസിനെ സമീപിച്ചത്.
Also Read: ഡൽഹിയിൽ അരുംകൊല! യുവതിയെയും മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊന്നു
പ്രതികൾ ഏകദേശം മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം. വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ 35-ഓളം കേസുകൾ നിലവിലുണ്ട്. കേസിലെ മറ്റ് പ്രതികളായ ഇ. പ്രകാശൻ, മുഹമ്മദ് ഷിബിൽ, ഏജന്റുമാരായ അബ്ദുസലിം, അഫ്സൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുകയായിരുന്നു ഇസ്മയിലിനെ തലശ്ശേരി എ.എസ്.പി. ഡോ. നന്ദഗോപന്റെ നിർദ്ദേശപ്രകാരം ധർമ്മടം എസ്.ഐ. ജെ. ഷജീം, സി.പി.ഒ. ഹരിനാഥ്, സ്ക്വാഡ് അംഗങ്ങളായ രതീഷ്, ശ്രീലാൽ എന്നിവർ ചേർന്ന് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ സഹായത്തോടെയാണ് വലയിലാക്കിയത്.
The post പലിശരഹിത സ്വർണവായ്പയുടെ മറവിൽ കോടികളുടെ തട്ടിപ്പ്; പ്രതി അറസ്റ്റിൽ appeared first on Express Kerala.



