
മൂന്നാറിലെ മഞ്ഞും വയനാട്ടിലെ കാടും കണ്ട് മടുത്തോ? എന്നാൽ തിരക്കുകളിൽ നിന്ന് ഒളിച്ച് നിൽക്കുന്ന, പ്രകൃതി അതിന്റെ ശുദ്ധരൂപത്തിൽ പുഞ്ചിരിക്കുന്ന ചില നിഗൂഢ കേന്ദ്രങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. ഒരു സ്വിസ് ഗ്രാമത്തിന്റെ ഭംഗിയും ഊട്ടിയുടെ തണുപ്പും ഒത്തിണങ്ങിയ ഈ ഇടങ്ങൾ പലപ്പോഴും സഞ്ചാരികളുടെ കണ്ണിൽപ്പെടാതെ പോകുകയാണ് പതിവ്. വലിയ റിസോർട്ടുകളുടെ ആഡംബരമോ കയ്യിലൊതുങ്ങാത്ത യാത്രാ ചിലവുകളോ ഇല്ലാതെ തന്നെ, കുടുംബത്തോടൊപ്പം മനസ്സ് നിറയെ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ കേരളത്തിലെ ‘ഹിഡൻ’ സ്വർഗ്ഗങ്ങൾ. പോക്കറ്റ് ചോരാതെ തന്നെ പ്രകൃതിയെ തൊട്ടറിയാൻ ഈ യാത്ര നിങ്ങളെ സഹായിക്കും.
- റാണിപുരം, വടക്കൻ മലബാറിലെ ഊട്ടി
കാസർഗോഡ് ജില്ലയിലെ റാണിപുരം ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ സ്വർഗ്ഗമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1022 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പുൽമേടുകളാലും കാറ്റാടി മരങ്ങളാലും സമ്പന്നമാണ്. മലമുകളിലെ തണുത്ത കാറ്റും കോടമഞ്ഞും സമാനതകളില്ലാത്ത അനുഭവമാണ് നൽകുക. വലിയ തുക ഈടാക്കുന്ന റിസോർട്ടുകൾക്ക് പകരം ഗ്രാമീണ തനിമയുള്ള ഹോംസ്റ്റേകൾ ഇവിടെ കുറഞ്ഞ നിരക്കിൽ ലഭിക്കും. കാസർഗോഡ് നഗരത്തിൽ നിന്ന് ബസ് മാർഗ്ഗം ഇവിടേക്ക് എളുപ്പത്തിൽ എത്താം.
- പാഞ്ചാലിമേട്, മഞ്ഞു പുതച്ച ഐതിഹ്യം
വാഗമണ്ണിലെ തിരക്കുകളിൽ പെടാതെ ശാന്തമായി കോടമഞ്ഞസ്വദിക്കാൻ ഇടുക്കിയിലെ പാഞ്ചാലിമേട്ടിലേക്ക് പോകാം. പാണ്ഡവർ വനവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതിഹ്യം. കുട്ടിക്കാനത്തുനിന്ന് വെറും 10 കിലോമീറ്റർ ദൂരമേ ഇവിടേയുള്ളൂ. ഐതിഹ്യങ്ങളും ചരിത്രവും ഇഴചേരുന്ന ഈ മലനിരകൾ കുറഞ്ഞ ചിലവിൽ ഒരു സായാഹ്നം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമാണ്.
Also Read: ഹോട്ടൽ അല്ല… റെയിൽവേ സ്റ്റേഷൻ! 750 രൂപക്ക് കൂനൂരിൽ കിട്ടുന്ന അപൂർവ യാത്രാനുഭവം…
- കക്കയം, മലബാറിലെ ഒളിഞ്ഞിരിക്കുന്ന സുന്ദരി
കോഴിക്കോട് ജില്ലയിലെ കക്കയം ഡാമും പരിസരവും വന്യമായ ഭംഗി ഇഷ്ടപ്പെടുന്നവർക്കുള്ളതാണ്. ഇടതൂർന്ന വനത്തിലൂടെയുള്ള യാത്രയും അവിടുത്തെ വെള്ളച്ചാട്ടങ്ങളും നിങ്ങളുടെ മനസ്സ് നിറയ്ക്കും. ബോട്ടിംഗ് സൗകര്യവും ഇവിടെയുണ്ട്. പ്രവേശന ഫീസും യാത്രാ ചിലവും വളരെ കുറവായതിനാൽ ബഡ്ജറ്റ് യാത്രക്കാർക്ക് ഇവിടം പ്രിയപ്പെട്ടതാണ്.
- ചതുരംഗപ്പാറ, കാറ്റാടിപ്പാടങ്ങളിലെ വിസ്മയം
തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഇടുക്കിയിലെ ചതുരംഗപ്പാറ വ്യൂ പോയിന്റ് അതിശക്തമായ കാറ്റിനും മനോഹരമായ കാഴ്ചകൾക്കും പ്രസിദ്ധമാണ്. ഭീമാകാരമായ പവൻ ചക്രങ്ങളും താഴെ തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളും കാണുന്നത് നയനാന്ദകരമായ കാഴ്ചയാണ്. ഓഫ്-ബീറ്റ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അധിക ചിലവുകളില്ലാതെ സന്ദർശിക്കാവുന്ന ഇടമാണിത്.
- മണിയൻമുടി, ശാന്തമായ ഇടുക്കി കാഴ്ചകൾ
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലാണെങ്കിലും അധികം സഞ്ചാരികൾ എത്താത്ത ഇടമാണ് മണിയൻമുടി. കുന്നിൻ മുകളിലെ പള്ളിയും അവിടെ നിന്നുള്ള ഇടുക്കി ഡാമിന്റെ വിദൂര ദൃശ്യവും ആരെയും വിസ്മയിപ്പിക്കും. വലിയ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകൾ പോലെ തിരക്കില്ലാത്തതിനാൽ ഇവിടെ താമസത്തിനും ഭക്ഷണത്തിനും വലിയ ചിലവ് വരില്ല. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സമാധാനപരമായ ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് ഇവിടം പ്രിയപ്പെട്ടതാകും.
The post പോക്കറ്റ് ചോരില്ല, കാഴ്ചകൾ കുറയില്ല; കേരളത്തിലെ ഒളിഞ്ഞിരിക്കുന്ന 5 ബഡ്ജറ്റ് ഹിൽ സ്റ്റേഷനുകൾ appeared first on Express Kerala.



