
കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരെയുള്ള ചികിത്സാ പിഴവ് ആരോപണങ്ങളിൽ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. കുട്ടിയുടെ മരണത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഈ മാസം 19-ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ന്യൂമോണിയയുടെ ലക്ഷണങ്ങൾ കണ്ടിരുന്നതായും വിദഗ്ധ ചികിത്സയ്ക്കായി എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നുവെന്നും സൂപ്രണ്ട് ഡോ. ശിവകുമാരി പറഞ്ഞു. പിന്നീട് 22-ന് അതിശക്തമായ ശ്വാസതടസ്സത്തോടും കഫക്കെട്ടോടും കൂടിയാണ് കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രക്തസാമ്പിൾ എടുക്കാനുള്ള കുത്തിവയ്പ്പും നെബുലൈസേഷനുമാണ് നൽകിയത്. എന്നാൽ ചികിത്സയ്ക്കിടെ കുട്ടിക്ക് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും അടിയന്തരമായി അഡ്രിനലിൻ കുത്തിവയ്ക്കുകയും ചെയ്തു. ഈ വിവരം അപ്പോൾ തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നു.
Also Read:ആയുർവേദത്തിന് പുത്തനുണർവ്വേകാൻ ഗവേഷണം അനിവാര്യം! മുഖ്യമന്ത്രി പിണറായി വിജയൻ
നെയ്യാർ മെഡ്സിറ്റിയിലേക്ക് മാറ്റുന്ന സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും അവിടെ വെച്ച് നടത്തിയ പരിശോധനകൾക്കിടെയാണ് വീണ്ടും ഹൃദയസ്തംഭനം ഉണ്ടായതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിൽ വീഴ്ചയുണ്ടായി എന്ന ബന്ധുക്കളുടെ പരാതി നിലനിൽക്കെയാണ് വസ്തുതകൾ വിശദീകരിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തിയത്.
The post ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല; കാട്ടാക്കടയിലെ കുട്ടിയുടെ മരണത്തിൽ വിശദീകരണവുമായി മമ്മൽ ആശുപത്രി appeared first on Express Kerala.



