
മധ്യപ്രദേശിലെ ധാർ ജില്ലയിൽ പത്താം ക്ലാസ് പൊതുപരീക്ഷ എഴുതാനെത്തിയ പതിനാറുകാരി പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയിൽ പ്രസവിച്ചു. ചൊവ്വാഴ്ച ഗണിതശാസ്ത്ര പരീക്ഷയ്ക്കിടെയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പിതാംപൂർ സെക്ടർ-1 പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം.
രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം വിദ്യാർത്ഥിനിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പരീക്ഷാ ഹാളിലെ അധ്യാപകരുടെ അനുവാദത്തോടെ വിദ്യാർത്ഥിനി ശുചിമുറിയിലേക്ക് പോയി. നവജാതശിശുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും ജീവനക്കാരുമാണ് പെൺകുട്ടി പ്രസവിച്ച വിവരം അറിയുന്നത്. ഉടൻ തന്നെ സ്കൂൾ അധികൃതർ ആംബുലൻസ് വിളിക്കുകയും അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് കിലോ ഭാരമുള്ള കുഞ്ഞും അമ്മയും സുരക്ഷിതരാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Also Read: ഇസ്രായേൽ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണി; പ്രതിരോധ പങ്കാളിത്തത്തിൽ ചരിത്രമെഴുതി ഇന്ത്യ
പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പോലീസിന് നൽകിയ മൊഴി. പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും ഉടൻ വിവാഹം നടത്താനിരിക്കുകയായിരുന്നു എന്നും വീട്ടുകാർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, ബെത്മ സ്വദേശിയായ യുവാവാണ് കുഞ്ഞിന്റെ പിതാവെന്നും രണ്ട് വർഷമായി ഇയാളുമായി സൗഹൃദത്തിലായിരുന്നു എന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തി. സംഭവത്തിൽ പിതാംപൂർ പോലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി കേസ് ബെത്മ പോലീസിന് കൈമാറുകയും ചെയ്തു.
The post പരീക്ഷയ്ക്കിടെ വയറുവേദന; സ്കൂൾ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി വിദ്യാർത്ഥിനി appeared first on Express Kerala.



