
ഇടുക്കി: സ്‌കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 72-കാരനായ വ്യാപാരിക്ക് കഠിനതടവ്. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്ത് വീട്ടിൽ ചാക്കോ മത്തായിയെയാണ് ഇടുക്കി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. മൂന്ന് വർഷം തടവിനും 20,000 രൂപ പിഴയൊടുക്കാനുമാണ് ജഡ്ജ് ഡി.എസ്. നോബൽ ഉത്തരവിട്ടത്.
2025-ലാണ് കേസിനാസ്പദമായ സംഭവം. തങ്കമണി സ്‌കൂൾ പരിസരത്തെ പഴയ പോലീസ് സ്റ്റേഷന് സമീപമായിരുന്നു ചാക്കോ വ്യാപാരസ്ഥാപനം നടത്തിയിരുന്നത്. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ആൺകുട്ടികളോട് ഇയാൾ നിരന്തരം അശ്ലീലമായി പെരുമാറുകയായിരുന്നു. ഇത് തുടർന്നതോടെ കുട്ടികൾ കൂട്ടത്തോടെയെത്തി പ്രതിയെ ചോദ്യം ചെയ്യുകയും ബഹളം കേട്ടെത്തിയ മറ്റ് വ്യാപാരികളുടെ സഹായത്തോടെ വിവരം സ്കൂളിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ തങ്കമണി പോലീസാണ് കേസെടുത്തത്. കോടതി വിധിച്ച പിഴത്തുകയിൽ 10,000 രൂപ ഇരയായ കുട്ടിക്ക് നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് ഹാജരായി.
The post ആൺകുട്ടികളോട് അതിക്രമം; ഇടുക്കിയിൽ 72-കാരനായ വ്യാപാരിക്ക് 3 വർഷം തടവ് appeared first on Express Kerala.



