
താമരശ്ശേരി: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ ആഭരണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ താമരശ്ശേരിയിലെ ചായക്കട ജീവനക്കാരന് പരിക്കേറ്റു. ഹോട്ടൽ ജീവനക്കാരനായ ബിനേഷിനാണ് കയ്യാങ്കളിക്കിടെ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവെട്ട് കുഴി സ്വദേശി നാസറും ബിനേഷും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
നാസറിന് കളഞ്ഞുകിട്ടിയ സ്വർണാഭരണം, ഉടമ വരുമ്പോൾ നൽകാനായി ചായക്കട ജീവനക്കാരനായ ബിനേഷിനെ ഏൽപ്പിച്ചു. ആഭരണത്തെക്കുറിച്ച് നാസർ അന്വേഷിക്കുമ്പോൾ ഉടമ വന്നില്ലെന്നായിരുന്നു ബിനേഷിന്റെ മറുപടി. പിന്നീട് ആഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെന്ന് ബിനേഷ് പറഞ്ഞു. എന്നാൽ നാസർ സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അങ്ങനെയൊന്ന് ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. നാസർ വീണ്ടും ചോദിച്ചപ്പോൾ ആഭരണം മുക്കുപണ്ടമായതിനാൽ കളഞ്ഞു എന്നായി ബിനേഷിന്റെ വിശദീകരണം. ഇതിൽ പ്രകോപിതനായ നാസറും ബിനേഷും തമ്മിൽ രാത്രി വാക്കുതർക്കമുണ്ടാവുകയായിരുന്നു.
Also Read: വർക്കലയിൽ ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്യാൻ ശ്രമം; മരുമകൻ ഒളിവിൽ
സംഘർഷത്തിൽ പരിക്കേറ്റ ബിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കത്തിനിടയാക്കിയ ആഭരണം സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് യഥാർത്ഥ സ്വർണ്ണമാണോ അതോ മുക്കുപണ്ടമാണോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു.
The post താമരശ്ശേരിയിൽ ആഭരണത്തെച്ചൊല്ലി സംഘർഷം; ഒരാൾക്ക് പരിക്ക് appeared first on Express Kerala.



