
ബഹിരാകാശ നിലയത്തിലെ ക്രൂ 11 ദൗത്യത്തിനിടെയുണ്ടായ അടിയന്തര വൈദ്യസഹായ സാഹചര്യം നേരിട്ടത് മുതിർന്ന ബഹിരാകാശ സഞ്ചാരി മൈക്ക് ഫിൻകെയ്ക്കാണെന്ന് നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജനുവരി ഏഴിനാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതെന്നും തന്റെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തന്നെ അനുവാദം നൽകിയതായും നാസ അറിയിച്ചു. എന്നാൽ, അദ്ദേഹത്തിന് നേരിട്ട ആരോഗ്യപ്രശ്നത്തിന്റെ കൃത്യമായ സ്വഭാവം നാസ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരിയിൽ അവസാനിക്കേണ്ടിയിരുന്ന ഈ ദൗത്യം, അപ്രതീക്ഷിതമായ ഈ പ്രതിസന്ധിയെത്തുടർന്ന് വെട്ടിച്ചുരുക്കി ജനുവരി 15-ന് സംഘം ഭൂമിയിൽ തിരിച്ചെത്തുകയായിരുന്നു.
നിലവിൽ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ ചികിത്സയിലും നിരീക്ഷണത്തിലുമാണ് മൈക്ക് ഫിൻകെ. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഭൂമിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള പുനരധിവാസ പ്രക്രിയ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച സഹപ്രവർത്തകർക്കും നാസ, സ്പേസ് എക്സ് ടീമുകൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. മൈക്ക് ഫിൻകെയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു ഇത്.
The post ക്രൂ 11 ദൗത്യത്തിലെ ആരോഗ്യപ്രശ്നം! ബഹിരാകാശ സഞ്ചാരി മൈക്ക് ഫിൻകെയുടേതെന്ന് നാസയുടെ വെളിപ്പെടുത്തൽ appeared first on Express Kerala.



