
ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച ‘ദ കേരള സ്റ്റോറി 2’ എന്ന ചിത്രത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. 15 ദിവസത്തേക്കാണ് കോടതി റിലീസിന് ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഇതോടെ നാളെ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കേരളത്തെ അന്താരാഷ്ട്ര തലത്തിൽ കളങ്കപ്പെടുത്താനും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാനുമാണ് ഈ സിനിമ ശ്രമിക്കുന്നതെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. കേരളം തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും വർഗീയതയുടെയും നാടാണെന്ന് തെറ്റായ രീതിയിൽ ചിത്രീകരിക്കാനാണ് സിനിമ ലക്ഷ്യമിടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജി പരിഗണിച്ച കോടതി സെൻസർ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് നോട്ടീസ് അയച്ചു. എന്നാൽ രാജ്യത്ത് നിലനിൽക്കുന്ന യഥാർത്ഥ സാഹചര്യമാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത് എന്നായിരുന്നു സംവിധായകൻ കാമാക്യ നാരായണൻ സിംഗിന്റെ നിലപാട്.
Also Read: ഇന്ദ്രജിത്തിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ധീരം’ ഒടിടിയിലേക്ക്!
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതുമുതൽ വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നുവെന്നും ബീഫ് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
The post കേരള സ്റ്റോറി 2! ഹൈക്കോടതിയുടെ സ്റ്റേ; നാളത്തെ റിലീസ് തടഞ്ഞു appeared first on Express Kerala.



