loader image
ബാർ സമയം കൂട്ടിയതിനെതിരെ സിഐടിയു; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, തീരുമാനം തിരിച്ചടിയാകുമോ?

ബാർ സമയം കൂട്ടിയതിനെതിരെ സിഐടിയു; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, തീരുമാനം തിരിച്ചടിയാകുമോ?

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭരണാനുകൂല തൊഴിലാളി സംഘടനയായ സിഐടിയു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. തൊഴിലാളി സംഘടനകളോട് ആലോചിക്കാതെ ഏകപക്ഷീയമായാണ് വിദേശമദ്യ ചട്ടം ഭേദഗതി ചെയ്തതെന്നും ഇത് ബാർ തൊഴിലാളികളെ തുടർച്ചയായി 14 മണിക്കൂർ ജോലി ചെയ്യാൻ നിർബന്ധിതരാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സിഐടിയു കോടതിയെ സമീപിച്ചത്.

ബാർ സമയമാറ്റവുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭയിലോ എൽഡിഎഫ് യോഗത്തിലോ ചർച്ച ചെയ്യാതെയാണ് കൈക്കൊണ്ടതെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ബാറുടമകളുടെ ദീർഘകാലമായുള്ള ഈ ആവശ്യം എക്സൈസ് വകുപ്പിൽ നിന്ന് മുഖ്യമന്ത്രി നേരിട്ട് ഫയൽ വിളിച്ചുവരുത്തി വെറും ഒരു ദിവസം കൊണ്ടാണ് തീർപ്പാക്കിയത്. ജനുവരി 29-ന് ഫയലിൽ തീരുമാനമാകുകയും തൊട്ടുപിന്നാലെ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങുകയും ചെയ്തു. ചർച്ചകളില്ലാതെ സർക്കാർ എടുത്ത ഈ ദ്രുതഗതിയിലുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് സംഘടനകൾക്കിടയിൽ ഉയരുന്നത്.

Also Read: ജിപ്‌സം ബോർഡുകൾ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

See also  ശബരിമല സ്വർണക്കൊള്ളക്കേസ്! തന്ത്രി കണ്ഠരര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അതേസമയം, ബാർ സമയം മാറ്റിയ വിവരം പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. തീരുമാനത്തിൽ തെറ്റില്ലെന്നും വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഇത്തരം മാറ്റങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പ്രായോഗികമായ പ്രശ്നങ്ങളുണ്ടെങ്കിൽ അത് സർക്കാർ തലത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 12-ന് കോടതി ഹർജി വീണ്ടും പരിഗണിക്കുമ്പോൾ സർക്കാരിന്റെ വിശദീകരണം നിർണ്ണായകമാകും.

The post ബാർ സമയം കൂട്ടിയതിനെതിരെ സിഐടിയു; സർക്കാരിന് ഹൈക്കോടതി നോട്ടീസ്, തീരുമാനം തിരിച്ചടിയാകുമോ? appeared first on Express Kerala.

Spread the love

New Report

Close