ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ രണ്ടുപേരിൽ നിന്നായി 1.58 കോടി രൂപയോളം തട്ടിയെടുത്ത സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഇടുക്കി രാജക്കാട് വലിയകണ്ടം കൊലംകുന്നിൽ വീട്ടിൽ അശ്വിനെയാണ് തൃശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടി പരിയാരം സ്വദേശി, കടുപ്പശ്ശേരി സ്വദേശി എന്നിവരിൽ നിന്നാണ് തട്ടിപ്പ് സംഘം പണം തട്ടിയത്. ഫേസ്ബുക്ക് മെസഞ്ചർ, വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ ബിജിസി എന്ന ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ പേരിൽ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് ഒരുകോടി 8 ലക്ഷത്തി എഴുപതിനായിരം രൂപയാണ് തട്ടിയെടുത്തത്. കടുപ്പശ്ശേരി സ്വദേശിയുമായി ഫേസ്ബുക്കിൽ ചാറ്റ് ചെയ്ത് വ്യാജ ട്രേഡിങ് ലിങ്കുകൾ അയച്ചു നൽകി 49 ലക്ഷത്തി 64,000 രൂപയാണ് പലതവണയായി തട്ടിയെടുത്തത്. തട്ടിപ്പ് സംഘങ്ങൾക്ക് പണം കൈമാറാൻ കമ്മീഷനുവേണ്ടി ബാങ്ക് അക്കൗണ്ടുകൾ കൈമാറിയ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അശ്വിൻ 25 തവണ പലരുടെയും ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും പ്രതികൾക്ക് കൈമാറിയതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.പ്രതിയെ റിമാൻ്റ് ചെയ്തു.



